മഴയിൽ കേരളത്തിന് നഷ്‌ടം 8316 കോടി രൂപ; കേന്ദ്രം 100 കോടി അനുവദിച്ചു; കൂടുതൽ തുക അനുവദിക്കുമെന്ന് രാജ്‌നാഥ് സിംഗ്

സംസ്ഥാനത്തിന് കാലവർഷക്കെടുതിയിൽ 8316 കോടി രൂപയുടെ നാശനഷ്ടമെന്ന് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ. ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ എത്തിയ കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് കേരളത്തിന് അടിയന്തര സഹായമായി 100 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചു. കൂടുതൽ തുക അനുവദിക്കുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

അടിയന്തിര സഹായമായി 1220 കോടി രൂപ അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. യഥാര്‍ത്ഥ നഷ്ടം വിലയിരുത്താൻ കൂടുതൽ സമയമെടുക്കുമെന്നതിനാൽ പ്രാഥമികമായ കണക്കുകളാണ് സംസ്ഥാനം കേന്ദ്രത്തിന് സമര്‍പ്പിച്ചത്. അടിയന്തിര ആശ്വാസമായി 1220 കോടി രൂപ ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് അനുവദിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.

ഇതില്‍ 820 കോടി രൂപ എന്‍.ഡി.ആര്‍.എഫ് മാനദണ്ഡങ്ങള്‍ പ്രകാരം ആദ്യഘട്ടത്തിലുണ്ടായ കാലവര്‍ഷക്കെടുതിക്ക് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടതും, സംസ്ഥാനം സന്ദര്‍ശിച്ച കേന്ദ്രസംഘം ശുപാര്‍ശ ചെയ്തതുമാണ്. എന്നാൽ ഒരേ സീസണിൽ രണ്ടാമതും കേരളം ഗുരുതരമായ പ്രളയഭീഷണി നേരിടുകയാണ്. ഇത് കണക്കിലെടുത്ത് വീണ്ടും കേന്ദ്രസംഘത്തെ അയയ്ക്കണം. കേന്ദ്രത്തിന് വേണ്ടി പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സ്വാതന്ത്ര്യത്തിന് ശേഷം കേരളം നേരിടുന്ന ഏറ്റവും വലിയ പ്രളയമാണ് ഇപ്പോഴത്തേതെന്ന് മാധ്യമങ്ങളെ കണ്ട ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പ്രതികരിച്ചു. അതേസമയം, മികച്ച രീതിയിലാണ് സംസ്ഥാനം ഇപ്പോഴത്തെ സാഹചര്യത്തെ നേരിടുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു . കേരളത്തിലെ പ്രളയക്കെടുതി ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു .കേന്ദ്രസര്‍ക്കാരിന്റെ എല്ലാ പിന്തുണയും കേരളത്തിനുണ്ടാകും.

© 2024 Live Kerala News. All Rights Reserved.