ഇടുക്കി അണക്കെട്ട്: നീരൊഴുക്ക് കുറഞ്ഞതോടെ ജലനിരപ്പ് താഴ്ന്നു തുടങ്ങി; ഷട്ടറുകള്‍ താഴ്ത്തില്ല

മഴ കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനാല്‍ ജലനിരപ്പ് താഴ്ന്നു തുടങ്ങി. ശനിയാഴ്ച രാവിലെ ജലനിരപ്പ് 2401.10 അടിയാണ് രേഖപ്പെടുത്തിയത്. എന്നാല്‍ അഞ്ച് ഷട്ടറുകളിലൂടെ പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിന്റെ അളവില്‍ കുറവ് വരുത്തിയിട്ടില്ല. കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കിയിട്ടും കാലടിയും ആലുവയും ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നാശനഷ്ടമൊന്നും ഉണ്ടായില്ല എന്ന ആശ്വാസവുമുണ്ട്.

നെടുമ്പാശേരി വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാണെന്ന് അധികൃതര്‍ അറിയിച്ചു. പെരിയാറില്‍ വെള്ളം കലങ്ങിയതിനാല്‍ കൊച്ചിയിലെ ശുദ്ധജല വിതരണത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പുണ്ട്. വെള്ളിയാഴ്ച വൈകിട്ട് നാലുമണിക്ക് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2401.76 ആയി ഉയര്‍ന്നെങ്കിലും രാത്രി 11 മണിയോടെ 2401.56 ആയി കുറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ ജലനിരപ്പ് 2401.10 ആയി കുറഞ്ഞു.

ഡാമിന്റെ എല്ലാം ഷട്ടറുകളും തുറന്നതോടെ ചെറുതോണി പാലം വെള്ളത്തിനടിയിലായി. ചെറുതോണി ടൗണിലും ബസ്റ്റാന്‍ഡിലും വെള്ളം കയറിയിട്ടുണ്ട്. ചെറുതോണി വഴി കട്ടപ്പനയിലേക്കുള്ള ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്. ഷട്ടറുകള്‍ തുറന്നതിന്റെ ഭാഗമായി പെരിയാറിന്റെ ഇരുകരയിലുമുള്ളവര്‍ അതീവ ജാഗ്രത പാലിക്കാന്‍ നിര്‍ദേശമുണ്ട്.

© 2024 Live Kerala News. All Rights Reserved.