ഇറാനെതിരെ അമേരിക്ക പ്രഖ്യാപിച്ച ആദ്യഘട്ടം ഉപരോധം ഇന്ന് മുതൽ; കീഴ്‌പ്പെടാനില്ല എന്ന് ഇറാൻ

ആണവ നിരായുധീകരണ പ്രക്രിയ നടപ്പാക്കിയില്ലെന്നാരോപിച്ച് ഇറാനെതിരെ അമേരിക്ക പ്രഖ്യാപിച്ച ആദ്യഘട്ടം ഉപരോധം ഇന്ന് നിലവിൽ വരും. ഇതിനുള്ള ഉത്തരവിൽ ഇന്നലെ ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. ഇതോടെ യുഎസ് ഡോളറും സ്വർണവും ലോഹവും വിപണനം നടത്തുന്നതിന് ഇറാന് സാധ്യമാകാതെ വരും. അമേരിക്കയുടെ നടപടി ആശങ്ക ഉണ്ടാക്കുന്നതാണെങ്കിലും കീഴ്‌പ്പെടാനില്ല എന്ന നിലപാടിലാണ് ഇറാൻ..

അതേസമയം, മുൻ ധാരണകളില്ലാതെ ചർച്ചയ്ക്ക് തയ്യാറാണെന്ന ട്രംപിന്റെ നിലപാട് ഇറാൻ പ്രസിഡന്റ് ഹസ്സൻ റൂഹാനി തള്ളി. ഒരാളുടെ നെഞ്ചിൽ കുത്തുകയും കഠാര അവിടെ തന്നെ വയ്ക്കുകയും ചെയ്ത ശേഷം അയാളുമായി എങ്ങിനെ ചർച്ച നത്താനാവുമെന്ന് ഒരു വിദേശ ചാനലിന് അനുവദിച്ച അഭിമുഖത്തിൽ റൂഹാനി ചോദിച്ചു. വിശ്വസിക്കാൻ കൊള്ളാത്ത ഒരു ഭരണകൂടവുമായി ഒരു ചർച്ചയ്ക്കും സന്നദ്ധമല്ലെന്നും റൂഹാനി വ്യക്തമാക്കി.

ഇറാനുമായുള്ള ആണവ ഉടന്പടിയിൽ നിന്ന് പിന്മാറ്റം പ്രഖ്യാപിച്ച ശേഷം അമേരിക്ക നടപ്പിൽ വരുത്തുന്ന സാമ്പത്തിക ഉപരോധമാണ് ഇന്ന് പ്രാബല്യത്തിലാകുന്നത്. രണ്ട് ഘട്ടങ്ങളിലായി പ്രഖ്യാപിച്ചിട്ടുള്ള ഉപരോധങ്ങളുടെ ആദ്യഘട്ടം നടപ്പിലാകുന്നതോടെ ഇറാനെ സമ്മർദ്ദത്തിലാക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം.

അതേസമയം ഇറാൻ വഴങ്ങുകയും ആണവ നിരായുധീകരണം പൂർണമായ തോതിൽ നടപ്പിലാക്കുകയും ചെയ്തില്ലെങ്കിൽ നവംബറോടെ രണ്ടാംഘട്ട ഉപരോധം നേരിടേണ്ടിവരുമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. രണ്ടാംഘട്ടത്തിൽ ട്രംപ് ലക്ഷ്യം വയ്ക്കുന്നത് ഇറാന്റെ എണ്ണ വിപണന മേഖലയെയാണ്. ഇത് മുന്നിൽക്കണ്ട് വലിയ നിക്ഷേപകർ ഇറാനെ കൈവിടുന്നതായി റിപ്പോർട്ടുകളുണ്ട്.