കീഴാറ്റൂര്‍ ബൈപ്പാസ്;കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കീഴാറ്റൂര്‍ ബൈപ്പാസ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിനെ ഒഴിവാക്കി കീഴാറ്റൂര്‍ സമരസമിതിയുമായി കേന്ദ്രം നേരിട്ട് ചര്‍ച്ച നടത്തിയത് ശരിയായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. ഫെഡറല്‍ സംവിധാനം തകര്‍ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ആര്‍.എസ്.എസിന്റെ സമ്മര്‍ദങ്ങള്‍ക്ക് കീഴടങ്ങിയാണ് കേന്ദ്രം കീഴ്വഴക്കങ്ങള്‍ മാറ്റിയത്. കേരളത്തിന്റെ വികസനങ്ങള്‍ക്ക് പാരവെക്കാന്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിയും ഇവര്‍ക്കൊപ്പമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ വികസനം അട്ടിമറിക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നത്. കേരളത്തോട് പല കാര്യങ്ങളിലും കേന്ദ്രം അവഗണന കാണിക്കുന്നുണ്ട്. അതില്‍ ഒന്നുകൂടി വരികയാണ്. നടക്കില്ല എന്ന് കരുതിയ ദേശീയ പാത വികസനം നടക്കുമെന്നുള്ള ഘട്ടമായിരുന്നു ഇപ്പോള്‍. അതിനാണ് പാര വന്നിരിക്കുന്നത്. എത്ര വേഗം ഇത് തിരുത്തുന്നോ അത്രയും നല്ലത് എന്നേ ഇപ്പോള്‍ പറയാനുള്ളു എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കീഴാറ്റൂരില്‍ നിന്നുള്ള സമരസമിതിയുടെ സംഘവും ബി.ജെ.പി നേതാക്കളും ഇന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ചിരുന്നു. ഈ ചര്‍ച്ചയില്‍ കീഴാറ്റൂര്‍ വിഷയത്തില്‍ പരിഹാരം ഉണ്ടാക്കാനായി ഒരു വിദഗ്ധ സമിതിയെ വെക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ ചര്‍ച്ചയിലേക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളെ ക്ഷണിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്.

© 2024 Live Kerala News. All Rights Reserved.