എസ് എന്‍ ഡി പി ഒരു പാര്‍ട്ടിയുടെയും വാലോ ചൂലോ അല്ല വെള്ളാപ്പള്ളി നടേശന്‍

 

ന്യൂഡല്‍ഹി: എസ് എന്‍ ഡി പി  ഒരു പാര്‍ട്ടിയുടെയും വാലോ ചൂലോ അല്ലയെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.എസ്എന്‍ഡിപിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന ആരുമായും സഹകരിക്കും,ബി ജെ പിദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരനും ഒപ്പമുണ്ടായിരുന്നു. കേരളത്തില്‍ ഭൂരിപക്ഷ സമുദായ ഐക്യം അനിവാര്യമെന്ന് അമിത് ഷായോട് വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പ്രവര്‍ത്തന ശൈലി മാറ്റണം. എസ്എന്‍ഡിപി ആരുടേയും വാലോ ചൂലോ അല്ല. ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. അവരെ തള്ളണമെന്ന് പറയാന്‍ ഭ്രാന്തുണ്ടോ? മറ്റു പാര്‍ട്ടികള്‍ ഏതെങ്കിലും വാഗ്ദാനങ്ങള്‍ പാലിക്കുന്നുണ്ടോ. എസ്എന്‍ഡിപി രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കാന്‍ പോകുന്നില്ല. എല്‍ഡിഎഫ് ഒരു സഹായവും നല്‍കിയിട്ടില്ല. ഉമ്മന്‍ ചാണ്ടി ചെറിയ സഹായം നല്‍കി.

ഈ മാസം 15ന് ശേഷം കൂടുതല്‍ ചര്‍ച്ചകള്‍ നടത്താമെന്ന് അമിത് ഷാ ഉറപ്പുനല്‍കിയെന്നും വെള്ളാപ്പള്ള പറഞ്ഞു.

കേരളത്തിലെ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ബിജെപിക്കു യോഗ്യരായ സ്ഥാനാര്‍ഥികളെ നല്‍കാനും പിന്തുണയ്ക്കാനും തയാറാണെന്ന് വെള്ളാപ്പള്ളി നടേശന്‍ നേരത്തെ മനോരമയോട് വ്യക്തമാക്കിയിരുന്നു. മുന്‍കാല തിരഞ്ഞെടുപ്പുകളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളും കേരള കോണ്‍ഗ്രസും വരെ സ്ഥാനാര്‍ഥികളെ തേടി എസ്എന്‍ഡിപിയെ സമീപിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പുകളില്‍ ഇത്രകാലം പലരെയും സഹായിച്ചെങ്കിലും സമുദായത്തിനു പ്രത്യുപകാരമൊന്നുമുണ്ടായിട്ടില്ലെന്നാണ് എസ്എന്‍ഡിപിയുടെ നിലപാട്.

കേരളത്തില്‍ എസ്എന്‍ഡിപി നേതൃത്വവുമായി രാഷ്ട്രീയ ധാരണയുണ്ടാക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബിജെപി കേന്ദ്ര നേതൃത്വം. എസ്എന്‍ഡിപിയില്‍ നിന്നു നേതാക്കളെ ഉള്‍ക്കൊള്ളാനാണു ബിജെപിക്കു താല്‍പര്യമെങ്കിലും എസ്എന്‍ഡിപിയുമായി ബന്ധമുള്ള രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചാല്‍ സഖ്യമുണ്ടാക്കാനും ബിജെപി തയാറാണ്. കേരളത്തില്‍ എസ്എന്‍ഡിപി – ബിജെപി രാഷ്ട്രീയ ധാരണയ്ക്കായി ആര്‍എസ്എസ് – വിഎച്ച്പി നേതൃത്വവും ചരടുവലികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.