എഴുത്തുകാരന്‍ എസ് ഹരീഷിനും എഴുത്തുകാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും പിന്തുണയുമായി ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: സംഘപരിവാര്‍ ഭീഷണി നേരിടുന്ന എഴുത്തുകാരന്‍ എസ് ഹരീഷിനും എഴുത്തുകാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും പിന്തുണയുമായി ഡിവൈഎഫ്‌ഐ. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവരുന്ന മീശ എന്ന നോവലിനും എഴുത്തുകാരന്‍ എസ്.ഹരീഷിനും എതിരായ സംഘപരിവാര്‍ സംഘടനകളുടെ കൊലവിളി അങ്ങേയറ്റം പ്രതിഷേധാര്‍ഹവും ജനാധിപത്യവിരുദ്ധവുമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

ഒരു സാഹിത്യ സൃഷ്ടിയോട് യോജിക്കാനും വിയോജിക്കുവാനുമുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തത് എഴുതുന്നവരെ ഭീഷണിപ്പെടുത്തുന്നതും അക്രമം അഴിച്ചുവിടുന്നതും അംഗീകരിക്കാന്‍ കഴിയില്ല. സമൂഹത്തിന്റെ എല്ലാ മേഖലകളിലും സംഘപരിവാര്‍ അജണ്ട അടിച്ചേല്‍പിക്കുന്നതിന്റെ ഭാഗമായാണ് നോവലിസ്റ്റിനെതിരായ കൊലവിളി. ഇത്തരം നീക്കങ്ങള്‍ക്കെതിരെ എല്ലാ ജനാതിപത്യ വിശ്വാസികളും രംഗത്തിറങ്ങണമെന്നും ഡിവൈഎഫ്‌ഐ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ഈ വിഷയവുമായി ബന്ധപ്പെട്ട് മാതൃഭൂമി സ്വീകരിച്ച നിലപാട് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. വര്‍ഗീയവാദികളുടെയും അക്ഷര വിരോധികളുടെയും ഭീഷണിയ്ക്ക് മുന്‍പില്‍ മുട്ടുമടക്കുകയല്ല വേണ്ടത്. ഇത്തരം സംഭവങ്ങള്‍ കേരളത്തിന് നാണക്കേടാണ്. സംഘപരിവാര്‍ ഭീഷണിക്ക് വഴങ്ങാതെ എസ്.ഹരീഷിന്റെ നോവല്‍ തുടര്‍ന്നും പ്രസിദ്ധീകരിക്കാന്‍ മാതൃഭൂമി തയ്യാറാകണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

© 2024 Live Kerala News. All Rights Reserved.