മോദി സർക്കാരിനെതിരായ അവിശ്വാസ പ്രമേയം ഇന്ന് ലോക്‌സഭയിൽ

നരേന്ദ്രമോദി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസ പ്രമേയം ഇന്ന് ലോകസഭയിൽ. എന്നാല്‍ അവിശ്വാസപ്രമേയത്തിന് പ്രതീക്ഷിച്ച പിന്തുണ പ്രതിപക്ഷത്തിന് ഉറപ്പിക്കാനായിട്ടില്ല. ശിവസേനയെ അമിത് ഷാഅനുനയിപ്പിച്ച് കൂടെ നിർത്തിയത്ത് സര്‍ക്കാരിന് ആത്മവിശ്വാസം നല്‍കും. കോൺഗ്രസിന് 147 പേരുടെ പിന്തുണയാണ് ഇതുവരെ ഉറപ്പാക്കാനായത്. 535 അംഗങ്ങളുള്ള ലോകസഭയിൽ ഭൂരിപക്ഷത്തിന് വേണ്ടത് 268 അംഗങ്ങളുടെ പിന്തുണയാണ്.

എൻഡിഎയ്ക്ക് നിലവിൽ 314 പേരാണുള്ളത്. ബിജുജനതാദളും ടിആർഎസും ശിവസേനയും നിലപാട് ഇന്ന് രാവിലെ പരസ്യമായി പ്രഖ്യാപിക്കും. എൻഡിഎയിൽ ശിവസേന ഒഴികെ 296 എംപിമാരുണ്ട്. കോൺഗ്രസ് ഉൾപ്പെട്ട വിശാല പ്രതിപക്ഷത്ത് 147 പേരുടെ പിന്തുണയാണുള്ളത്. 37 അംഗങ്ങളുള്ള അണ്ണാ ഡിഎംകെയും 20 പേരുള്ള ബിജെഡിയും ഉൾപ്പെടെ 73 പേർ വിട്ടുനില്‍ക്കാനാണ് സാധ്യത.

അതേസമയം ഒറ്റക്കെട്ടായി ചർച്ചയിൽ സർക്കാരിനെതിരെ നീങ്ങാൻ കോൺഗ്രസ് ഉൾപ്പടെ 16 പാർട്ടികൾ തീരുമാനിച്ചിട്ടുണ്ട്. അവിശ്വാസപ്രമേയ ചർച്ച സർക്കാരിനെതിരെയുള്ള കുറ്റപത്രം അവതരിപ്പിക്കാനുള്ള അവസരമാക്കി മാറ്റാനാണ് കോൺഗ്രസ് നേതൃയോഗം തീരുമാനിച്ചത്. ആൾക്കൂട്ട ആക്രമണം, നോട്ട് അസാധുവാക്കൽ ജിഎസ്ടി എന്നിവയ്ക്കു ശേഷമുള്ള ആശയക്കുഴപ്പം, കാർഷികമേഖലയിലെ തിരിച്ചടി, റാഫേൽ അഴിമതി തുടങ്ങിയ വിഷയങ്ങൾ രാഹുൽ ഗാന്ധി ആയുധമാക്കും
.
പ്രധാനമന്ത്രി രാത്രി ഏഴുമണിയോടെ സംസാരിക്കും. പ്രധാനമന്ത്രിയുടെ പ്രസംഗത്തോടെ പ്രതിപക്ഷത്തിന് തിരിച്ചടി നല്കാം എന്ന പ്രതീക്ഷയിലാണ് ബിജെപി. 37 അംഗങ്ങളുള്ള അണ്ണാ ഡിഎംകെ പ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന് പ്രഖ്യാപിച്ചത് ബിജെപിക്ക് ആശ്വാസമായി. വോട്ടെടുപ്പിൽ നിന്ന് അവർ വിട്ടുനിന്നേക്കും. ടിഡിപി, തൃണമൂൽ എന്നിവയിലെ ചില എംപിമാർ വിട്ടുനില്ക്കുമെന്ന അഭ്യൂഹമുണ്ട്