തുര്‍ക്കിയില്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചു

ഇസ്താംബൂള്‍: തുര്‍ക്കിയില്‍ പട്ടാള അട്ടിമറി ശ്രമത്തെത്തുടര്‍ന്ന് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ പിന്‍വലിച്ചു. സര്‍ക്കാരിനെതിരേ നടന്ന അട്ടിമറി ശ്രമം അടിച്ചമര്‍ത്തിയതിനു പിന്നാലെ 2016 ജൂലൈ 20നാണ് പ്രസിഡന്‍റ് റെസിപ് തയിപ്പ് എര്‍ദോഗന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

മൂന്നു മാസത്തേക്കുള്ള അടിയന്തരാവസ്ഥ പ്രഖ്യാപനം പിന്നീട് പലകാരണങ്ങള്‍കൊണ്ട് ഏഴു തവണ നീട്ടുകയായിരുന്നു. അടുത്തിടെ വീണ്ടും തുര്‍ക്കി പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട എര്‍ദോഗന്‍ അടിയന്തരാവസ്ഥ പിന്‍വലിക്കുമെന്ന് അറിയിച്ചിരുന്നു.

അട്ടിമറിയുടെ പേരില്‍ മാധ്യമ പ്രവര്‍ത്തകര്‍, അധികാരികള്‍ ഉള്‍പ്പടെ ഒട്ടനവധി ആളുകളെ വിചാരണ ചെയ്യാതെ തുറുങ്കില്‍ അടച്ചിരുന്നു.