മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം ഇന്ന് പ്രധാനമന്ത്രിയെ സന്ദര്‍ശിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷിസംഘം വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിക്കും. റേഷന്‍ വിഹിതം, കഞ്ചിക്കോട് കോച്ച് ഫാക്ടറി, ശബരി റെയില്‍പാത, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച സംസ്ഥാനത്തിന്റെ ശുപാര്‍ശ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനാണ് സര്‍വകക്ഷി പ്രതിനിധി സംഘം പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുന്നത്. കാലവര്‍ഷക്കെടുതിയിലും സഹായംതേടും.

മന്ത്രിമാരായ ജി. സുധാകരന്‍, പി. തിലോത്തമന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.പിമാരായ പി. കരുണാകരന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, എം.പി. വീരേന്ദ്രകുമാര്‍, ജോസ് കെ. മാണി, എന്‍.കെ. പ്രേമചന്ദ്രന്‍, വിവിധ കക്ഷിനേതാക്കളായ എം.എം. ഹസന്‍, കെ. പ്രകാശ് ബാബു, എ.എന്‍. രാധാകൃഷ്ണന്‍, സി.കെ. നാണു, തോമസ് ചാണ്ടി, കോവൂര്‍ കുഞ്ഞുമോന്‍, അനൂപ് ജേക്കബ്, പി.സി.ജോര്‍ജ്, എം.കെ. കണ്ണന്‍, സി. വേണുഗോപാലന്‍ നായര്‍, ചീഫ് സെക്രട്ടറി ടോം ജോസ്, ഭക്ഷ്യവകുപ്പ് സെക്രട്ടറി മിനി ആന്റണി എന്നിവരാണ് സംഘത്തിലുള്ളത്.

വെട്ടിക്കുറച്ച ഭക്ഷ്യധാന്യ ക്വോട്ട പുനഃസ്ഥാപിക്കണമെന്നതാണ് പ്രധാന ആവശ്യം. സംസ്ഥാനത്തിന് ലഭിച്ചിരുന്ന ഭക്ഷ്യധാന്യ അളവ് 16 ലക്ഷം ടണ്ണില്‍നിന്ന് 14.25 ലക്ഷം ടണ്ണായി കുറച്ചിരുന്നു.

നേരത്തെ നാലുപ്രാവശ്യം മോദി കൂടിക്കാഴ്ചക്ക് അനുമതി നിഷേധിച്ചത് വിവാദമായിരുന്നു.

© 2024 Live Kerala News. All Rights Reserved.