മഴക്കെടുതി: സംസ്ഥാനത്ത്​ ഇതുവരെ 18 പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്

മഴക്കെടുതിയില്‍ ചൊവ്വാഴ്ച സംസ്ഥാനത്ത് നാലുപേര്‍ മരിച്ചു. മലപ്പുറത്ത്​ ഒരാള്‍ ഷോക്കേറ്റും കോട്ടയത്ത്​ ഒഴുക്കില്‍പ്പെട്ടുമാണ്​ മരിച്ചത്​. ആലപ്പുഴയിലെ പുഞ്ചയിലെ വെള്ളത്തില്‍ താറാവിന്‍പറ്റത്തെ തെളിക്കു​മ്പോള്‍ ഫൈബര്‍ വള്ളം മറിഞ്ഞാണ്​ മുന്നാമത്തെ മരണം. ആലപ്പുഴയില്‍ വെള്ളക്കെട്ടില്‍ വീണാണ്​ നാലാമത്തെ മരണം ഉണ്ടായത്​. കടലുണ്ടി പുഴയില്‍കാണാതായ ഏഴു വയസുകാര​​ന്‍റെ മൃതദേഹം ലഭിച്ചതോ​ടെയാണ്​ മരണം അഞ്ച്​ ആയത്​. തേഞ്ഞിപ്പാലം സ്വദേശിനി റജുലയുടെ മകന്‍ മുഹമ്മദ്​ റബീഇ​​ന്‍റെ മൃതദേഹമാണ്​ ലഭിച്ചത്​. നാവികസേനയുടെ സഹായത്താല്‍ നടത്തിയ തെരച്ചിലിനൊടുവിലാണ്​ മൃതദേഹം ലഭിച്ചത്​.

മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെ 18 പേര്‍ മരിച്ചെന്നാണ് റവന്യുവകുപ്പിന്റെ കണക്ക്. പലയിടങ്ങളിലും ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നു. തീരപ്രദേശങ്ങളില്‍ നിന്ന് ഒട്ടേറേകുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

അതേ സമയം, കനത്ത മഴയെ തുടര്‍ന്ന്​ നിര്‍ത്തിവെച്ച കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിച്ചു. റെയില്‍വേ അധികൃതര്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ്​ ഗതാഗതം പുന:സ്ഥാപിക്കാന്‍ തീരുമാനിച്ചത്​. വേഗനിയ​ന്ത്രണത്തോടെയായിരിക്കും ട്രെയിനുകള്‍ കടന്ന്​ പോകുക.

ചൊവ്വാഴ്​ച രാവിലെ മഴക്ക്​ അല്‍പ്പം ശക്​തി കുറഞ്ഞെങ്കിലും വെള്ളക്കെട്ട്​ ഒഴിയുന്നില്ല. വ്യാപകമായ കൃഷിനാശവും ഉണ്ടായിട്ടുണ്ട്​. 16 വീടുകള്‍ പൂര്‍ണമായും 558 വീടുകള്‍ ഭാഗികമായും തകര്‍ന്നുവെന്നാണ്​ ഏകദേശ കണക്ക്​. ഇതുവരെ തുറന്ന 111 ദുരിതാശ്വാസ ക്യാമ്ബുകളില്‍ 22,00ത്തോളം പേരാണ്​ കഴിയുന്നത്​.

സംസ്ഥാനത്തെ ജലസംഭരണകളി​ലെ ജലനിരപ്പും ഉയരുകയാണ്​. പല അണക്കെട്ടുകളില്‍ ജലനിരപ്പ്​ 70 ശതമാനം കഴിഞ്ഞു. പത്ത്​ വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ ജലനിരപ്പാണ്​ പല അണക്കെട്ടുകളിലും ഇപ്പോഴുള്ളത്​.

കേരള ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍ നിന്നും മണിക്കൂറില്‍ 35 കിലോമീറ്റര്‍ മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയിലും കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെയുള്ള കേരളതീരത്തും ലക്ഷദ്വീപ് തീരത്തും ഉയര്‍ന്നതിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ അറബിക്കടലിന്റെ മധ്യഭാഗത്തും തെക്ക് പടിഞ്ഞാറ് ഭാഗത്തും വടക്കുഭാഗത്തും കടല്‍ പ്രക്ഷുബ്ധമായേക്കും. ഈ ഭാഗങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകരുത്. അടുത്ത 24 മണിക്കൂറിലേക്ക് ഈ മുന്നറിയിപ്പ് ബാധകമാണ്.

കോട്ടയം ജില്ലയില്‍ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെയും അവധി പ്രഖ്യാപിച്ചു. എം.ജി സര്‍വകലാശാല നാളത്തെ പരീക്ഷകള്‍ മാറ്റി. ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂര്‍ താലൂക്കുകളില്‍ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും.

© 2024 Live Kerala News. All Rights Reserved.