സ്വാമി അഗ്നിവേശിന് ബി.ജെ.പി പ്രവര്‍ത്തകരുടെ മര്‍ദ്ദനം

റാഞ്ചി: ആര്യസമാജ പണ്ഡിതനും സാമൂഹ്യപ്രവര്‍ത്തകനുമായ സ്വാമി അഗ്നിവേശിന് ബി.ജെ.പി പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനം. ജാര്‍ഖണ്ഡിലെ പാകൂറില്‍ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അദ്ദേഹത്തെ ബി.ജെ.പി-യുവമോര്‍ച്ച അക്രമി സംഘം മര്‍ദ്ദിച്ചത്. ബീഫ് ഉപയോഗത്തെ സംബന്ധിച്ച്‌ അദ്ദേഹം അടുത്തിടെ നടത്തിയ അഭിപ്രായ പ്രകടനത്തിന്റെ പേരിലായിരുന്നു മര്‍ദ്ദനം.

പാകൂറിലെ സ്വകാര്യ ഹോട്ടലില്‍ സംഘടിപ്പിച്ച പരിപാടി കഴിഞ്ഞ് പുറത്തിറങ്ങുന്നതിനിടെ കരിങ്കൊടിയുമായി എത്തിയ പ്രവര്‍ത്തകര്‍ അഗ്നിവേശിനെ മര്‍ദ്ദിക്കുകയായിരുന്നു. സ്വാമിക്ക് നേരെ പാഞ്ഞടുത്ത പ്രവര്‍ത്തകര്‍ അദ്ദേഹത്തെ മര്‍ദ്ദിച്ചു നിലത്തിട്ടു. തുടര്‍ന്ന് റോഡിലിട്ടും മര്‍ദ്ദനം തുടര്‍ന്നു. ആക്രമണത്തിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.