കാലവര്‍ഷത്തില്‍ വിറച്ച് കേരളം; 12 മരണം, 4 പേരെ കാണാതായി; വ്യാഴാഴ്ച വരെ മഴ തുടരും

സംസ്ഥാനത്ത് കാലവർഷം അതിശക്തമായി തുടരുന്നു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് ഴ ശക്തമായി തുടരുന്നത്. മഴക്കെടുതികളില്‍ ഇന്നലെ മാത്രം 12 പേര്‍ മരിച്ചു. മലപ്പുറത്തും പത്തനംതിട്ടയില്‍ നിന്നുമായി 4 പേരെ കാണാതായി. അടുത്ത വ്യാഴാഴ്ച വരെ മഴ തുടരുമെന്നും ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
കാലവര്‍ഷം ശക്തമായതോടെ സംസ്ഥാനത്തുടനീളം നിരവധി നാശനഷ്ടങ്ങളാണ് ഉണ്ടായത്. 36 വീടുകള്‍ പൂര്‍ണമായി തകര്‍ന്നപ്പോള്‍ 1214 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 244.846 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചിട്ടുണ്ട്. എന്നാല്‍ എത്ര രൂപയുടെ നാശനഷ്ടം ഉണ്ടായെന്ന് കണക്കാക്കിയിട്ടില്ല.
അതേസമയം കാലവ ര്‍ഷക്കെടുതിയെത്തുടര്‍ന്ന് സംസ്ഥാനത്ത് 186 കാമ്ബുകള്‍ തുറന്നിട്ടുണ്ട്. 6065 കുടുംബങ്ങളില്‍ നിന്നായി 26833 പേര്‍ കാമ്ബുകളില്‍ കഴിയുന്നുണ്ട്. വരുംദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര-സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ 7 മുതല്‍ 11 സെന്റി മീറ്റര്‍ വരെയുള്ള ശക്തമായ മഴക്കോ 12 മുതല്‍ 20 സെന്റിമീറ്റര്‍ വരെയുള്ള അതിശക്തമായ മഴയ്‌ക്കോ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.