കാത്തിരിപ്പിനൊടുവില്‍ വിന്‍ഡോസ് 10…

 

വിന്‍ഡോസ് ഓപറേറ്റിങ് സിസ്റ്റത്തിന്റെ പുതിയ പതിപ്പായ വിന്‍ഡോസ്10 ഇന്ന് മൈക്രോസോഫ്റ്റ് വിപണിയിലെത്തിക്കും. കംപ്യൂട്ടറിനും ടാബ്‌ലെറ്റിനുമുള്ള ഓപറേറ്റിങ് സിസ്റ്റമായാണ് ആദ്യമെത്തുകയെങ്കിലും ഫോണിലും ഗെയിം കണ്‍സോളിലുമൊക്കെ ഉപയോഗിക്കാവുന്നവിധമാണു വിന്‍ഡോസ് 10ന്റെ രൂപകല്‍പ്പന.

എഡ്ജ് എന്ന പുതിയ വെബ് ബ്രൗസറും ‘ഓണ്‍ലൈന്‍ അസിസ്റ്റന്റ്’ കോര്‍ട്ടാനയുടെ ഡെസ്‌ക്ടോപ്പ് രൂപവുമൊക്കെ വിന്‍ഡോസ് 10ന്റെ പുതുമകളാണ്. അതേസമയം, ആറു വര്‍ഷമായി രംഗത്തുള്ള വിന്‍ഡോസ് 7 ഉപയോഗിക്കുന്ന കോടിക്കണക്കിന് ഉപയോക്താക്കള്‍ക്ക് അപരിചിതത്വം തോന്നാത്തവിധവുമാണു പ്രവര്‍ത്തനമെന്നു കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

2012ല്‍ അവതരിപ്പിച്ച വിന്‍ഡോസ് 8 വിജയിച്ചില്ലെന്ന തിരിച്ചറിവോടെയാണു വിന്‍ഡോസ് 10 എത്തുന്നത്. വിന്‍ഡോസ് 8ലെ ടൈല്‍ അധിഷ്ഠിത സ്റ്റാര്‍ട്ട് സ്‌ക്രീന്‍ നീക്കം ചെയ്തു ഡെസ്‌ക്‌ടോപ് തിരികെ കൊണ്ടുവന്നു. പഴയമട്ടിലുള്ള സ്റ്റാര്‍ട്ട് ബട്ടണോടൊപ്പം പ്രധാന സ്റ്റാര്‍ട്ട് മെനുവില്‍ ലൈവ് ടൈലുകള്‍ കൂടി ക്രമീകരിച്ചു. ആപ്പിള്‍ ഒഎസ്എക്‌സ് മാതൃകയില്‍ ഒരേ സമയം ഒന്നിലേറെ കംപ്യൂട്ടറുകളില്‍ ഉപയോഗിക്കാവുന്ന മള്‍ട്ടിപ്പിള്‍ ഡെസ്‌ക്‌ടോപ്, മൊബൈല്‍, ടാബ്‌ലെറ്റ്, കംപ്യൂട്ടര്‍ തുടങ്ങി എല്ലാ ഉപകരണങ്ങള്‍ക്കും ഒരേ ആപ്പ്‌സ്‌റ്റോര്‍ തുടങ്ങിയവയും വിന്‍ഡോസ്10 ഒഎസിലുണ്ട്.

വിന്‍ഡോസ് 7, 8 ഓപറേറ്റിങ് സിസ്റ്റത്തിന്റെ ഹോം, പ്രോ പതിപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ വിന്‍ഡോസ് 10 സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. മൂന്നു വര്‍ഷത്തിനുള്ളില്‍ 100 കോടി ഉപകരണങ്ങളില്‍ വിന്‍ഡോസ് 10 ഉണ്ടാവണമെന്നാണു കമ്പനി ആഗ്രഹിക്കുന്നതെന്ന് മേധാവി സത്യ നാദെല്ല പറഞ്ഞിരുന്നു. 150 കോടി ആളുകള്‍ ഇപ്പോള്‍ ഏതെങ്കിലും വിന്‍ഡോസ് പതിപ്പ് ഉപയോഗിക്കുന്നുണ്ടെന്നാണു കണക്ക്.

© 2024 Live Kerala News. All Rights Reserved.