സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് 18,880 രൂപ

കൊച്ചി: സ്വര്‍ണവില 19,000ത്തില്‍ താഴേക്കു കൂപ്പുകുത്തി. പവന്റെ വില ഇന്ന് 120 രൂപ കുറഞ്ഞ് 18,880 ആയി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2360 രൂപയായി. ഈമാസം ആദ്യം മുതല്‍ തന്നെ സ്വര്‍ണവിലയില്‍ ഇടിവാണുണ്ടായിട്ടുള്ളത്.

കഴിഞ്ഞ അഞ്ചുദിവസങ്ങളായി 19,000 എന്ന നിരക്കില്‍ തുടര്‍ന്നതിനു ശേഷമാണ് ഇന്നു വിലയില്‍ ഇടിവുണ്ടായത്. ജൂലൈ ഒന്നിനു രേഖപ്പെടുത്തിയ 19,800 രൂപയാണ് ഏറ്റവും ഉയര്‍ന്ന നിരക്ക്. രാജ്യാന്തര വിപണിയില്‍ വിലയിടിഞ്ഞതാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്.

2012 സെപ്റ്റംബറില്‍ ഒരു പവന് 24,160 രൂപയിലെത്തി റെക്കോര്‍ഡിട്ട നിരക്കാണ് ഇത്രമാത്രം താഴ്ന്നുകിടക്കുന്നത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം വന്‍തോതില്‍ വിറ്റഴിച്ചതാണ് സ്വര്‍ണവില ഇടിയാനുള്ള മുഖ്യകാരണം.

കൂടാതെ അമേരിക്കന്‍ പലിശനിരക്കിലെ വര്‍ധനയും ഡോളറിന്റെ ശക്തിപ്പെടലും പൊന്‍തിളക്കത്തിനു മേല്‍ കരിനിഴല്‍ വീഴ്ത്തി. ചൈന വന്‍ തോതില്‍ സ്വര്‍ണം വിറ്റതോടെയാണ് രാജ്യാന്തര വിപണിയില്‍ കാര്യമായ ഇടിവുണ്ടായത്. ഇതോടെ ആഭ്യന്തര വിപണിയിലേക്കു സ്വര്‍ണത്തിന്റെ ലഭ്യത കൂടുകയും മൂല്യം കുറയുകയും ചെയ്തു.

© 2024 Live Kerala News. All Rights Reserved.