രാജ്യത്തെ നിയമ സംവിധാനത്തില്‍ കാതലായ മാറ്റം അനിവാര്യമാണെന്ന് നിര്‍ഭയയുടെ അമ്മ

ന്യൂഡല്‍ഹി : ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കിയ കോടതി വിധിയില്‍ താന്‍ സന്തുഷ്ടയാണെങ്കിലും രാജ്യത്തെ നിയമ സംവിധാനത്തില്‍ കാതലായ മാറ്റം അനിവാര്യമാണെന്നും നിര്‍ഭയയുടെ അമ്മ ആശാ ദേവി.

മകള്‍ ബലാത്സംഗം ചെയ്യപ്പെട്ടിട്ട് ആറ് വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇപ്പോഴും ഇത്തരം നിരവധി സംഭവങ്ങള്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുകയുമാണ്. ഇവിടെ തോറ്റുപോകുന്നത് നമ്മുടെ നിയമസംവിധാനങ്ങളാണ്. സ്ത്രീകള്‍ക്കെതിരെയുള്ള ക്രൂര കൃത്യങ്ങള്‍ എത്രയും വേഗം നിര്‍ത്തലാക്കാന്‍ സാധിക്കണമെന്നും ആശാ ദേവി പ്രതികരിച്ചു.

ഇത്രയും ക്രൂരമായ കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷ വളരെ ചെറുതാണ്. എങ്കിലും എല്ലാവര്‍ക്കും ഈ വിധി ഒരു പാഠമായിരിക്കണമെന്നും ആശാ ദേവി കൂട്ടിച്ചേര്‍ത്തു.

നിര്‍ഭയ കൂട്ടബലാത്സംഗക്കേസില്‍ വധശിക്ഷ ലഭിച്ച നാലുപ്രതികള്‍ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജി സുപ്രീംകോടതി ഇന്ന് തള്ളിയിരുന്നു. വധശിക്ഷ പുനഃ പരിശോധിക്കേണ്ട കാര്യമില്ലെന്ന് കോടതി അറിയിച്ചു. പ്രതികള്‍ ഒരു തരത്തിലുള്ള ദയയും അര്‍ഹിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് വിധി.