ഗുഹയിലകപ്പെട്ട 12 കുട്ടികൾക്കും കോച്ചിനും നീന്തൽ പരിശീലനം നൽകും

ബാങ്കോക്ക്: തായ്‍ലൻഡിലെ ഗുഹയിലകപ്പെട്ട 12 കുട്ടികൾക്കും അവരുടെ ഫുട്ബോൾ കോച്ചിനും നീന്തൽ പരിശീലനം നൽകും. 30 നീന്തൽ വിദഗ്ധർ, സൈനികർ, ഗുഹാവിദഗ്ധൻ എന്നിവരടങ്ങിയ സംഘം ഗുഹയ്ക്കുള്ളിലേക്കു പുറപ്പെട്ടിട്ടുണ്ട്. ഇവർക്കുള്ള നീന്തൽ വസ്ത്രങ്ങളും കരുതിയിട്ടുണ്ട്.

നാലുകിലോമീറ്റർ ഉള്ളിൽ കുടുങ്ങിയിരിക്കുന്ന 13 പേരെയും രക്ഷിച്ചു പുറത്തുകൊണ്ടുവരണമെങ്കിൽ എല്ലാവരും മുങ്ങാംകുഴിയിടാനും നീന്താനും അറിഞ്ഞിരിക്കണം. ഗുഹയ്ക്കുള്ളിൽ ആഴത്തിൽ വെള്ളവും ചെളിയും നിറ‍ഞ്ഞിരിക്കുകയാണ്.

നീന്തി പുറത്തെത്താൻ കഴിയുന്നില്ലെങ്കിൽ വെള്ളം താഴുന്ന 3 – 4 മാസം കാത്തിരിക്കേണ്ടി വന്നേക്കാം. കുട്ടികൾ ആരോഗ്യവാന്മാരായി തുടരുകയും നീന്തൽ പഠിക്കുകയും ചെയ്താൽ ഓരോരുത്തരെയായി പുറത്തെത്തിക്കാനാണു സാധ്യത. നീന്തൽ വിദഗ്ധർ, ഡോക്ടർമാർ, മനഃശാസ്ത്ര കൗൺസലർമാർ, തായ് നാവികസേനാംഗങ്ങൾ എന്നിവർ ഇപ്പോൾ കുട്ടികൾക്കൊപ്പം ഗുഹയ്ക്കുള്ളിലുണ്ട്. ഭക്ഷണവും മരുന്നും കുട്ടികൾക്കു നൽകി.