സുഷമാ സ്വരാജിനെതിരായ സൈബര്‍ ആക്രമണം അപലപനീയം-രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സുഷമ സ്വരാജിനെതിരെ സംഘപരിവാര്‍ അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ നടത്തുന്ന സൈബര്‍ ആക്രമണത്തെ അപലപിച്ച് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്. മിശ്ര വിവാഹിതരായ ദമ്പതികള്‍ക്ക് പാസ്‌പോര്‍ട്ട് അനുവദിക്കണമെങ്കില്‍ ഹിന്ദുമതം സ്വീകരിക്കമെന്ന് ആവശ്യപ്പെട്ട പാസ്‌പോര്‍ട്ട് ഓഫീസ് ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതിനെ തുടര്‍ന്നാണ് സുഷമ സ്വരാജിനെതിരെ സൈബര്‍ ആക്രമണം തുടങ്ങിയത്.

സുഷമ സ്വരാജ് വീട്ടില്‍ വരുമ്പോള്‍ അവരെ തല്ലി ശരിയാക്കണമെന്ന് ഭര്‍ത്താവിനോട് ആഹ്വാനം ചെയ്യുന്നതില്‍ വരെയെത്തി സൈബര്‍ ആക്രമണം. തനിക്കെതിരായ സോഷ്യല്‍ മീഡിയ ആക്രമണത്തോട് യോജിക്കുന്നുണ്ടോ എന്ന് ചോദിച്ച് സുഷമാ സ്വരാജ് കഴിഞ്ഞ ദിവസം അഭിപ്രായ വോട്ടെടുപ്പ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജ്‌നാഥ് സിംഗ് അഭിപ്രായം രേഖപ്പെടുത്തിയത്. അതേസമയം മറ്റ് ബി.ജെ.പി നേതാക്കളൊന്നും പ്രതികരിച്ചിട്ടില്ല.