കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ടോം ജോസ് ഇന്ന് ചുമതലയേല്‍ക്കും

തിരുവനന്തപുരം: പുതിയ ചീഫ് സെക്രട്ടറിയായി ടോം ജോസ് ഇന്ന് ചുമതലയേല്‍ക്കും. കേരളത്തിന്റെ 45–ാമത്തെ ചീഫ് സെക്രട്ടറിയാണ് ടോം ജോസ്. നിലവിലെ ചീഫ് സെക്രട്ടറി പോള്‍ ആന്റണി വിരമിക്കുന്ന ഒഴിവിലേക്കാണ് ടോം ജോസിനെ സര്‍ക്കാര്‍ നിയമിച്ചത്. നിലവില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ടോം ജോസ്.

ടോം ജോസ് ചീഫ് സെക്രട്ടറിയാകുന്നതോടെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണയ്ക്ക് അഡീഷനൽ ചീഫ് സെക്രട്ടറി പദവി ലഭിക്കും. ടോം ജോസിനെക്കാൾ സീനിയറായ ഡോ.എ.കെ.ദുബെ, അരുണ സുന്ദരരാജൻ, ആനന്ദ്കുമാർ എന്നിവർ ഇപ്പോൾ കേന്ദ്രത്തിൽ സെക്രട്ടറിമാരാണ്. ഇവർ കേരളത്തിലേക്കു വരാൻ താൽപര്യം കാട്ടിയില്ല. ഇതോടെയാണ് ടോം ജോസ് ചീഫ് സെക്രറിയായത്.

1984 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ടോം ജോസിന് 2020 മേയ് 31 വരെ സര്‍വീസുണ്ട്. നിലവില്‍ തൊഴില്‍, ജലവിഭവം, നികുതി വകുപ്പുകളുടെ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ടോം ജോസ്. കെഎസ്ഐഡിസി, സപ്ലൈകോ, കൺസ്ട്രക്‌ഷൻ കോർപറേഷൻ, റബർമാർക്ക് എന്നിവയുടെ മാനേജിങ് ഡയറക്ടറും ഇൻലാൻഡ് നാവിഗേഷൻ കോർപറേഷന്റെ സിഎംഡിയും ആയിരുന്നു. 2011ൽ കൊച്ചി മെട്രോയുടെ പ്രാരംഭകാലത്തു മാനേജിങ് ഡയറക്ടറായി പ്രവർത്തിച്ചു.

© 2024 Live Kerala News. All Rights Reserved.