യുഎസില്‍ മാധ്യമ സ്ഥാപനത്തില്‍ വെടിവെപ്പ്; അഞ്ച് പേര്‍ കൊല്ലപ്പെട്ടു

യുഎസിലെ മെരിലാന്‍ഡിലെ മാധ്യമസ്ഥാപനത്തില്‍ വെടിവെപ്പ്. മെരിലാന്‍ഡിന്റെ തലസ്ഥാനമായ അനാപൊളിസില്‍ ക്യാപിറ്റല്‍ ഗസറ്റ് ദിനപത്രത്തിന്റെ ഓഫീസിലാണ് വെടിവെപ്പുണ്ടായത്. അഞ്ചു പേര്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഒട്ടേറെ പേർക്കു പരുക്കേറ്റിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു വെടിവയ്പുണ്ടായത്.

മരണസംഖ്യ ക്യാപിറ്റൽ ഗസറ്റും തങ്ങളുടെ വാർത്താ വെബ്സൈറ്റിൽ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ആരെല്ലാം മരിച്ചുവെന്ന കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് യുഎസിലെ മാധ്യമ സ്ഥാപനങ്ങളിl സുരക്ഷ വര്‍ധിപ്പിച്ചു.

വെടിവെപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചയാള്‍ പിടിയിലായി. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. ഓഫീസിന്റെ ചില്ലുവാതില്‍ നിറയൊഴിച്ചു തകര്‍ത്തതിനു ശേഷമായിരുന്നു അകത്തേക്കു വെടിവച്ചത്. ന്യൂസ് റൂമിലേക്കു കയറിയ അക്രമി ചുറ്റിലേക്കും വെടിയുതിര്‍ക്കുകയായിരുന്നു. ഒരു റൗണ്ട് വെടിയുതിര്‍ത്ത ശേഷം വീണ്ടും തോക്കു നിറച്ചായിരുന്നു അക്രമിയുടെ വെടിവെപ്പ്. ഷോട്ഗണ്‍ ഉപയോഗിച്ചാണ് ഇയാള്‍ വെടിയുതിര്‍ത്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്. അനാപൊളിസിലെ 888 ബെസ്റ്റ്‌ഗേറ്റ് റോഡിലാണ് ക്യാപിറ്റല്‍ ഗസറ്റിന്റെ ഓഫിസ് പ്രവര്‍ത്തിക്കുന്ന കെട്ടിടം. ഇതു പൂര്‍ണമായും ഒഴിപ്പിച്ച് ജീവനക്കാരെ സുരക്ഷിത സ്ഥാനത്തെത്തിച്ചു. ക്യാപിറ്റൽ ഗസറ്റിലെ റിപ്പോർട്ടർ ഫിൽ ഡേവിസാണ് ട്വിറ്ററിലൂടെ ഇക്കാര്യം പുറത്തുവിട്ടത്. പാതിവഴിയിൽ അക്രമി വെടിവയ്പു നിർത്തിയതു കൊണ്ടാണ് താനുൾപ്പെടെയുള്ളവർ രക്ഷപ്പെട്ടതെന്നും ഫിൽ പൊലീസിനോടു പറഞ്ഞിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.