കട്ടിപ്പാറ ഉരുൾപൊട്ടൽ: വിദഗ്ധ സംഘം പരിശോധന നടത്തി

കോഴിക്കോട്: ഉരുള്‍പൊട്ടലുണ്ടായ കട്ടിപ്പാറ കരിഞ്ചോലമലയില്‍ വിദഗ്ദ സംഘം വീണ്ടും പരിശോധന നടത്തി. ഉരുള്‍പ്പൊട്ടലില്‍ വീട് തകര്‍ന്ന ഭാഗവും കല്ലും ചളിയും വന്നടിഞ്ഞ ഭാഗങ്ങളിലും ഒരാഴ്ച മുമ്പ് നടത്തിയ പരിശോധനയുടെ തുടര്‍ച്ചയായാണ് സബ്കലക്ടര്‍ വി. വിഘ്‌നേശ്വരിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനക്കെത്തിയത്.

ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രത്തിലും നിര്‍മ്മാണ പ്രവൃത്തി നടന്നു എന്നാരോപിക്കപ്പെടുന്ന പ്രദേശത്തുമാണ് പരിശോധന നടത്തിയത്. ഉരുള്‍പൊട്ടലുണ്ടായ ഭാഗത്തെ പാറകളുടെ തരം, അവക്ക് സംഭവിച്ച രൂപാന്തരം, മലയില്‍ നിന്ന് വെള്ളം ഒഴുകിയെത്തുന്ന ചാലുകള്‍, നിര്‍മ്മാണ പ്രവൃത്തി നടത്തി ഭൂമിക്ക് മാറ്റം വരുത്തിയെന്ന് പറയുന്ന ഭാഗങ്ങള്‍ തുടങ്ങിയ പ്രദേശത്താണ് പരിശോധന നടത്തിയത്.

ഇവിടുത്തെ മണ്ണിന്റെ സാംപിള്‍ സംഘം പരിശോധനക്കായി ശേഖരിച്ചു. പ്രദേശത്ത് നിര്‍മ്മാണ പ്രവൃത്തി നടത്തിയിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തുന്നതിന് എന്‍ആര്‍എസ്എ (നാഷണല്‍ റിമോട്ട് സെന്‍സിങ് ഏജന്‍സി)മായി ബന്ധപ്പെട്ട് സാറ്റലറ്റ് ചിത്രങ്ങള്‍ ശേഖരിക്കും.

ഇത് സംബന്ധമായ അപേക്ഷ ഉടന്‍ തന്നെ സമര്‍പ്പിക്കും. ഓരോ ഘട്ടത്തിലും സ്ഥലത്ത് സംഭവിച്ച മാറ്റങ്ങള്‍ വിശദമായി പരിശോധിച്ച ശേഷം മാത്രമേ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുള്ളൂവെന്നും സിഡബ്ല്യുആര്‍ഡിഎം സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് വി. പി ദിനേശന്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.