ട്രാക്ക് അറ്റകുറ്റപ്പണികള്‍ ആറു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നു റെയില്‍വേ

കൊച്ചി: തിരുവനന്തപുരം റെയില്‍വേ ഡിവിഷനിലെ പ്രധാന ട്രാക്ക് അറ്റകുറ്റപ്പണികളെല്ലാം ആറു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നു ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ സിരീഷ് കുമാര്‍ സിന്‍ഹ. ഒരു വര്‍ഷത്തിനുള്ളില്‍ പ്രശ്‌നങ്ങള്‍ക്കു പൂര്‍ണ പരിഹാരമുണ്ടാകും. മാസം 22 കിലോമീറ്റര്‍ ട്രാക്ക് നവീകരണമാണു ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡിവിഷനല്‍ റെയില്‍വേ യൂസേഴ്‌സ് കണ്‍സല്‍റ്റേറ്റീവ് കമ്മിറ്റി യോഗത്തില്‍ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

പ്രവൃത്തി ദിവസങ്ങളില്‍ അറ്റകുറ്റപ്പണി നടത്തുന്നത് യാത്രക്കാര്‍ക്കു ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിനാല്‍ അവധി ദിനമായ ഞായറാഴ്ച മെഗാ ബ്ലോക്ക് ഏര്‍പ്പെടുത്താനുള്ള റെയില്‍വേ ബോര്‍ഡ് തീരുമാനം ഡിവിഷനില്‍ നാളെ മുതല്‍ ജൂലൈ 22 വരെ നടപ്പാക്കും. ഇതിന്റെ ഭാഗമായി ഏഴു ജോഡി പാസഞ്ചര്‍ ട്രെയിനുകള്‍ അഞ്ചു ഞായറാഴ്ചകളില്‍ റദ്ദാക്കും.

ഏറ്റവും തിരക്കുള്ള വേണാട്, പരശുറാം, വഞ്ചിനാട് എക്‌സ്പ്രസുകളുടെ ഓട്ടം മെച്ചപ്പെടുത്താനായി അവയ്ക്കു പുതിയ എഞ്ചിനുകള്‍ നല്‍കും.

നവംബര്‍ ഒന്നോടെ ട്രെയിനുകള്‍ 90 ശതമാനം സമയനിഷ്ഠ പാലിച്ചിരിക്കണമെന്ന റെയില്‍വേ മന്ത്രിയുടെ ഉത്തരവിനെത്തുടര്‍ന്നാണു ഞായറാഴ്ചകളില്‍ അധിക നിയന്ത്രണം ഏര്‍പ്പെടുത്തി ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നത്. മുംബൈ സബേര്‍ബന്‍ റെയില്‍വേയിലെ വിജയകരമായ മാതൃകയാണു മറ്റ് സ്ഥലങ്ങളിലും പരീക്ഷിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

സിഗ്നലിങ്, എന്‍ജിനീയറിങ്, ട്രാഫിക് തുടങ്ങി വിവിധ വിഭാഗങ്ങളുടെ അറ്റകുറ്റപ്പണി ഒരേ ബ്ലോക്കില്‍ പൂര്‍ത്തിയാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അറ്റകുറ്റപ്പണിയുടെ പുരോഗതി എല്ലാ ദിവസവും ഡിആര്‍എം നേരിട്ടു വിലയിരുത്തുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ട്രെയിനുകളുടെ സമയമാറ്റം അറ്റകുറ്റപ്പണിക്കുശേഷം പുനഃപരിശോധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.