വരാപ്പുഴ കസ്റ്റഡി മരണം; സി.ബി.ഐ. അന്വേഷണം ആവശ്യമില്ലെന്ന്‌ ആവര്‍ത്തിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ശ്രീജിത്ത്‌ കസ്‌റ്റഡി മരണക്കേസില്‍ സി.ബി.ഐ. അന്വേഷണം ആവശ്യമില്ലെന്ന്‌ ആവര്‍ത്തിച്ച്‌ പറഞ്ഞ് മുഖ്യമന്ത്രി . ഇക്കാര്യത്തില്‍ കൃത്യമായ അന്വേഷണം നടന്നിട്ടുണ്ട്‌. കേസില്‍ ആരെയും രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ല, ഇടപെടുകയുമില്ല-മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

വി.ഡി. സതീശന്റെ ഉപക്ഷേപത്തിനു മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. എന്നാല്‍, കേസ്‌ അട്ടിമറിക്കാനുള്ള ശ്രമമാണ്‌ നടക്കുന്നതെന്നു പ്രതിപക്ഷനേതാവ്‌ ആരോപിച്ചു. ശരിയായി അന്വേഷണം നടന്നാല്‍ വലിയ സഖാക്കള്‍ അകത്താകും. പോലീസുമായി ബന്ധപ്പെട്ട്‌ പ്രശ്‌നമായതിനാലാണ്‌ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ഇതിനു മുമ്പും കസ്‌റ്റഡി മരണങ്ങളുണ്ടായിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. നിരപരാധിയെ എങ്ങനെ അറസ്‌റ്റ്‌ ചെയ്‌തുവെന്നതു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നു വി.ഡി. സതീശന്‍ ആരോപിച്ചു. അതില്ലാതെ കേസ്‌ നിലനില്‍ക്കില്ല. എസ്‌.പിയുടെ ഫോണ്‍ പരിശോധിക്കണം. അതില്‍ ഉന്നത സി.പി.എം നേതാക്കളുടെ വിളികള്‍ വന്നിട്ടുണ്ട്‌. എസ്‌.പി. കുടുങ്ങിയാല്‍ മറ്റുപലരും പിന്നാലെ പിടിയിലാകുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ വിഷയത്തില്‍ അടിയന്തരപ്രമേയത്തിനു നോട്ടീസ്‌ നല്‍കിയിരുന്നെങ്കിലും സ്‌പീക്കര്‍ അനുവദിച്ചില്ല. സി.ബി.ഐ. അന്വേഷണം വേണമെന്നും കുറ്റക്കാരെ രക്ഷിക്കാനുള്ള ശ്രമമാണ്‌ ഇപ്പോള്‍ നടക്കുന്നതെന്നും ആരോപിച്ച്‌ പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. സി.പി.എം. നേതാക്കളുടെ നിര്‍ദ്ദേശത്തിന്റെ അടിസ്‌ഥാനത്തിലാണു ശ്രീജിത്തിനെ കസ്‌റ്റഡിയിലെടുത്തതെന്നു സതീശന്‍ ആരോപിച്ചു.