ലഫ്. ഗവര്‍ണറുടെ വസതിയില്‍ കെജ്‌രിവാളും മന്ത്രിമാരും നടത്തിവരുന്ന സമരം ഒമ്പതാം ദിവസത്തിലേക്ക്

ഡല്‍ഹിയില്‍ ലഫ്. ഗവര്‍ണറുടെ വസതിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മന്ത്രിമാരും നടത്തിവരുന്ന സമരം ഒമ്പതാം ദിവസത്തിലേക്ക് കടന്നു. ഐഎഎസ് ഉദ്യോഗസ്ഥര്‍ ചര്‍ച്ചക്ക് തയ്യാറായ സാഹചര്യത്തില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും സംയുക്തയോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കത്തെഴുതി.

നിരാഹാര സമരം നടത്തിയിരുന്ന സത്യേന്ദ്ര ജയിനിനെയും മനീഷ് സിസോദിയയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ കെജ്‌രിവാളും മന്ത്രി ഗോപാല്‍ റായിയും മാത്രമാണ് സമരം തുടരുന്നത്. ഇവര്‍ രണ്ട് പേരും നിരാഹാര സമരത്തില്‍ അല്ല.

അതേസമയം, സമരം നടത്തുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും മന്ത്രിമാര്‍ക്കുമെതിരെ ദില്ലി ഹൈക്കോടതി. ലഫ്. ഗവര്‍ണറുടെ വസതിയില്‍ സമരം നടത്താന്‍ കെജ്‌രിവാളിന് ആരാണ് അനുമതി നല്‍കിയതെന്ന് ചോദിച്ച ഹൈക്കോടതി ഇതിനെ സമരമെന്ന് വിളിക്കാനാകില്ലെന്നും പറഞ്ഞു.

നിങ്ങള്‍ കുത്തിയിരുപ്പ് സമരം നടത്തുകയാണ്. ഇത്തരമൊരു സമരത്തിന് ആരാണ് ഇവര്‍ക്ക് അനുവാദം നല്‍കിയത്. ഇതിനെ സമരമെന്ന് വിളിക്കാനാകില്ല. നിങ്ങള്‍ക്ക് ഒരാളുടെ വീട്ടിലോ ഓഫീസിലോ കയറി സമരം നടത്താനാകില്ല. കോടതി വ്യക്തമാക്കി. മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന സമരം ചോദ്യം ചെയ്ത് ബിജെപി നേതാവ് വിജേന്ദര്‍ ഗുപ്ത സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

© 2024 Live Kerala News. All Rights Reserved.