മുഖ്യമന്ത്രിക്കെതിരെ ഭീഷണി മുഴക്കിയ പ്രവാസി മലയാളി ഡൽഹിയിൽ അറസ്റ്റിൽ

മുഖ്യമന്ത്രിക്കെതിരെ ഭീഷണി മുഴക്കിയ പ്രവാസി മലയാളി ഡൽഹിയിൽ അറസ്റ്റിൽ
മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ ആള്‍ അറസ്റ്റില്‍. യുഎഇയില്‍ നിന്ന് ഫെയ്‌സ്ബുക്കിലൂടെ ഭീഷണി മുഴക്കിയ കൃഷ്ണകുമാർ നായർ എന്നയാളാണ് അറസ്റ്റിലായത്. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കൃഷ്ണകുമാര്‍ നായരെ ഇന്ന് കൊച്ചിയിലെത്തിക്കും.

ആര്‍എസ്എസുകാരനാണ് താനെന്ന് വീഡിയോയില്‍ സ്വയം വിശേഷിപ്പിച്ച ഇയാള്‍, താന്‍ ജോലി ഉപേക്ഷിച്ച് പഴയ ആയുധങ്ങള്‍ വൃത്തിയാക്കി കേരളത്തിലെ മുഖ്യമന്ത്രിയെ കൊലപ്പെടുത്താന്‍ നാട്ടിലേക്ക് മടങ്ങിയെത്തുമെന്നായിരുന്നു ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞിരുന്നത്. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെയും അസഭ്യം പറഞ്ഞു. സംഭവം വിവാദമായപ്പോള്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തു. എന്നാല്‍, അപ്പോഴേയ്ക്കും വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

എറണാകുളം കോതമംഗലം സ്വദേശിയാണ് കൃഷ്ണകുമാർ നായർ. അബുദാബി ആസ്ഥാമായി പ്രവര്‍ത്തിക്കുന്ന ഓയില്‍ കമ്പനിയില്‍ റിഗ്ഗ് സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു ഇയാൾ. സംഭവം വിവാദമായാതോടെ ഇയാളെ ഗള്‍ഫ് കമ്പനി ജോലിയില്‍ നിന്നു പിരിച്ചുവിട്ടു.

തുടര്‍ന്ന് ഇയാള്‍ മറ്റൊരു വിഡിയോ പോസ്റ്റുചെയ്തു. മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് മാപ്പു ചോദിക്കുന്നതായായിരുന്നു ആ വീഡിയോയിലുണ്ടായിരുന്നത്. താന്‍ ഇപ്പോഴും അടിയുറച്ച ആര്‍എസ്എസുകാരനാണെന്നും ജോലി നഷ്ടപ്പെട്ടതിനാല്‍ നാട്ടിലേയ്ക്ക് മടങ്ങുകയാണെന്നും നിയമം അനുശാസിക്കുന്ന ഏത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാറാണെന്നും കൃഷ്ണകുമാര്‍ പറഞ്ഞിരുന്നു.

© 2024 Live Kerala News. All Rights Reserved.