ദാസ്യപ്പണി വിവാദം: ഡിജിപി പൊലീസ് സംഘടനകളുടെ അടിയന്തരയോഗം വിളിച്ചു

പൊലീസിലെ ദാസ്യപ്പണിയിൽ സേനയിൽ അമർഷം പുകയുന്ന സാഹചര്യത്തില്‍ ഡിജിപി ലോക്‌‌നാഥ് ബെഹ്റ പൊലീസ് സംഘടനകളുടെ അടിയന്തരയോഗം വിളിച്ചു. രാവിലെ 10.30ന് പൊലീസ് ആസ്ഥാനത്താണ് യോഗം. എഡിജിപി സുദേഷ് കുമാറിനെതിരെ ദാസ്യപ്പണി ആരോപണം ഉയര്‍ന്നതിന് പിന്നാലെ മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയുമുള്ള വെളിപ്പെടുത്തലുകൾ പുറത്ത് വരുന്ന സാഹചര്യത്തിലാണ് അടിയന്തിര യോഗം.

എഡിജിപിയുടെ മകള്‍ പൊലീസ് ‌ഡ്രൈവര്‍ ഗവാസ്കറിനെ മർദ്ദിച്ചതിന് പിന്നാലെ എസ്.എ.പി ഡെപ്യൂട്ടി കമാൻഡന്റ് പി രാജുവിന്റെ വീട്ടിലും പൊലീസുകാർ ദാസ്യപ്പണി ചെയ്യുന്നുവെന്ന വിവരം പുറത്ത് വന്നിരുന്നു. വീട്ടിലെ ടൈൽസ് പണിക്ക് ക്യാംപ് ഫോളോവേഴ്സിനെയാണ് രാജു നിയോഗിച്ചത്. വിവാദമായപ്പോൾ നാളെ മുതൽ വരേണ്ടെന്ന് നിർദ്ദേശം നൽകുകയായിരുന്നു.

അതേസമയം, എഡിജിപി സുധേഷ് കുമാറിന്‍റെയും കുടുംബത്തിന്റെയും പീഡനത്തിനെതിരെ പൊലീസ് അസോസിയേഷന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. ദാസ്യപ്പണി അവസാനിപ്പിക്കുവാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി. ഡ്രൈവറെ മര്‍ദിച്ച കേസില്‍ സത്യസന്ധമായ അന്വേഷണം നടത്തണമെന്നും ഡ്രൈവര്‍ ഗവാസകറുടെ ഭാഗത്താണ് സത്യമെന്നും അസോസിയേഷന്‍റെ പരാതിയില്‍ പറയുന്നു.

വീട്ടിലെ അടുക്കള ജോലി മുതല്‍ അലക്കു ജോലിവരെ പൊലീസുകാരെക്കൊണ്ട് ചെയ്യിക്കുന്ന മേലുദ്യോഗസ്ഥരുണ്ടെന്നാണ് പൊലീസുകാര്‍ തന്നെ തുറന്നുപറയുന്നത്. ഒന്നിനു പുറകെ ഒന്നായി പൊലീസിനെതിരെ ആരോപണങ്ങള്‍ വന്നു നിറയുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് അതൃപ്തിയുണ്ട്. ഈ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചാണ് യോഗം വിളിക്കാന്‍ ഡിജിപി തീരുമാനിച്ചിരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.