കോഴിക്കോടും മലപ്പുറത്തും ഉരുൾപൊട്ടൽ; വയനാട് – അട്ടപ്പാടി ചുരത്തിൽ ഗതാഗത തടസ്സം; കോഴിക്കോടും വയനാടും വിദ്യഭ്യസ സ്ഥാപനങ്ങൾക്ക് അവധി

കോഴിക്കോട് നാലിടത്ത് ഉരുള്‍പൊട്ടി. താമരശേരി കട്ടിപ്പാറ മേഖലയിലാണ് ഉരുള്‍പൊട്ടിയത്. നിരവധി വീടുകള്‍ തകര്‍ന്നു.തകര്‍ന്ന വീടുകളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. വയനാട് ചുരത്തിൽ ഗതാഗതം തടസപ്പെട്ടു. ഈങ്ങാപ്പുഴ, പൂന്നൂര്‍ എന്നിവിടങ്ങളിലും ഗതാഗതം തടസപ്പെട്ടു. മലപ്പുറം എടവണ്ണയിലും ഉരുള്‍പൊട്ടി.

കോഴിക്കോട്ടെ മലയോര മേഖലകളില്‍ മണ്ണിടിച്ചല്‍ ഭീഷണി തുടരുകയാണ്. ജീരകപ്പാറ വനത്തിനുള്ളിലും വെള്ളരി മലയുടെ ഉള്‍ഭാഗങ്ങളിലും ഉരുള്‍പൊട്ടിയിരുന്നു. ഉരുള്‍പൊട്ടലിനെയും കുന്നിടിച്ചലിനെയും തുതുടര്‍ന്ന് നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.

കോഴിക്കോട്, വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളില്‍ വ്യാപക നാശനഷ്ടമാണ് മഴയില്‍ ഉണ്ടായിരിക്കുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. മണ്ണിടിച്ചലിന്‌ സാധ്യതയുള്ളതിനാല്‍ അട്ടപ്പാടി ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

മഴ തുടരുന്നതിനാൽ ഡാമുകളിലും പുഴകളിലും മറ്റും ജലനിരപ്പ്‌ ഉയരുന്നുണ്ട്‌. ശക്തമായ മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ട്‌. അതിനാൽ മഴ കുറയുന്നത്‌ വരെ ഡാമുകളിലും പുഴകളിലും ഇറങ്ങാതെ സൂക്ഷിക്കണമെന്ന് നിർദേശമുണ്ട്.

വയനാട് വൈത്തിരിയില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. തളിപ്പുഴ സ്വദേശികളായ അസീസ്, ഭാര്യ ആയിഷ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

കണ്ണൂരിന്റെ മലയോര മേഖലയായ ഇരിട്ടിയില്‍ ഉരുള്‍പൊട്ടി. ഇടുക്കിയിലും മഴ തുടരുകയാണ്. അനവധി വീടുകളാണ് മഴയില്‍ തകര്‍ന്നിരിക്കുന്നത്. വ്യാപക കൃഷിനാശവും ഉണ്ടായിട്ടുണ്ട്.

അതേസമയം, കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട്, വയനാട് ജില്ലകളിലെ പ്രൊഫഷണല്‍ കോളെജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. അംഗൻവാടികളും അവധിയിലായിരിക്കും.

മലപ്പുറത്ത് കൊണ്ടോട്ടി, ഏറനാട് താലൂക്കുകളിലെ പ്രൊഫഷനൽ കോളജ്‌ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്റ്റർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകള്‍ക്കും കോട്ടയം നഗരസഭയിലേയും ആര്‍പ്പൂക്കര, അയ്മനം, കുമരകം, തിരുവാര്‍പ്പ്, മണര്‍കാട്, വിജയപുരം എന്നീ പഞ്ചായത്തുകളിലെയും ഹയര്‍ സെക്കന്‍ഡറി വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും കോട്ടയം ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരോ ബോര്‍ഡുകളോ നടത്തുന്ന പരീക്ഷകള്‍ക്ക് മാറ്റമില്ല. അധ്യാപകരും മറ്റു ജീവനക്കാരും സ്‌കൂളില്‍ ഹാജരാകണം.

© 2024 Live Kerala News. All Rights Reserved.