ഒന്നാം വാർഷികം കെങ്കേമമാക്കാൻ ഒരുങ്ങി കൊച്ചി മെട്രോ

ഒന്നാം വാര്‍ഷികം ജനകീയോത്സവമാക്കാനൊരുങ്ങി കൊച്ചി മെട്രോ. ഞായറാഴ്ച മുതല്‍ രണ്ടാഴ്ച നീളുന്ന ആഘോഷപരിപാടികളാണ് കെഎംആര്‍എല്‍ നടത്തുന്നത്. പിറന്നാള്‍ സമ്മാനമായി ജൂണ്‍ 19 ചൊവ്വാഴ്ച മെട്രോയില്‍ മുഴുവന്‍ യാത്രക്കാര്‍ക്കും സൗജന്യ സവാരി വാഗ്ദാനം ചെയ്തിട്ടുണ്ട്. 2017 ജൂണ്‍ 17നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മെട്രോയെ കൊച്ചിക്ക് സമര്‍പ്പിച്ചത്‌.

കൊച്ചിക്കാര്‍ മറക്കില്ല ഈ സുദിനം. വര്‍ഷങ്ങളുടെ കാത്തിരിപ്പായിരുന്നു കൊച്ചിക്ക് മുകളിലൂടെ മെട്രോ കുതിച്ച് പായുന്ന ആ ഒരു ദിനം. ആ സ്വപ്നം യാഥാര്‍ഥ്യത്തിലായിട്ട് ഒരു വര്‍ഷം പിന്നിടുന്നു. വര്‍ഷം ഒന്ന് പിന്നിട്ടപ്പോഴേക്കും നാല്‍പതിനായിരത്തോളം യാത്രക്കാര്‍ മെട്രോയെ ദിവസേന ആശ്രയിക്കുന്നു.

പൊലിമ ഒട്ടും ചോരാതെയുള്ള പിറന്നാള്‍ ആഘോഷമാണ് കേരളമങ്ങളോമുള്ള മെട്രോ സ്നേഹികള്‍ക്കായി കെഎംആര്‍എല്‍ ഒരുക്കിയിരിക്കുന്നത്. ഞായറാഴ്ച ഇടപ്പള്ളി സ്റ്റേഷനില്‍ കൊച്ചിയിലെ മുഴുവന്‍ ജനപ്രതിനിധികളും ഒന്നിച്ച് കേക്ക് മുറിക്കുന്നതോടെ രണ്ടാഴ്ച നീളുന്ന ആഘോഷ പരിപാടികള്‍ക്ക് തുടക്കമാകും.

19ന് രാവിലെ മുതല്‍ രാത്രി വരെ മെട്രോയില്‍ ആ്ര്‍ക്കും സൗജന്യമായി യാത്ര ചെയ്യാം. ലക്കി ഡിപ്പിലൂടെ കൈനിറയെ സമ്മാനങ്ങളും യാത്രക്കാരെ കാത്തിരിപ്പുണ്ട്.

മെട്രോ വണ്‍ കാര്‍ഡിലെ ഇളവും, ദിവസയാത്രക്കാര്‍ക്കുള്ള സീസണ്‍ ടിക്കറ്റും, വിനോദ സഞ്ചാരികള്‍ക്കുള്ള പ്രതിദിനപാസും പിറന്നാള്‍ സമ്മാനമാണ്. അടുത്ത ജൂണില്‍ സൗത്ത് മുതല്‍ പേട്ട വരെയുള്ള സര്‍വീസിനും തുടക്കമാകും .

© 2024 Live Kerala News. All Rights Reserved.