നിപ്പ ഭീതി കുറയുന്നു; നിരീക്ഷണത്തിൽ കഴിയുന്നത് ഏഴ് പേർ മാത്രം

ജനങ്ങളിൽ ഏറെ ഭീതിസൃഷ്ടിച്ച നിപ്പ വൈറസ് നിയന്ത്രണ വിധേയമാകുന്നു. കോഴിക്കോട് ജില്ലയിൽ നിപ്പ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം കുറഞ്ഞ് വരികയാണ്. ഏഴ് പേർ മാത്രമാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്.ഇവരിൽ ആറ് പേരുടെ രക്തപരിശോധന ഫലം നെഗറ്റീവാണെന്ന് തെളിഞ്ഞെങ്കിലും നിരീക്ഷണം തുടരാനാണ് തീരുമാനം.

അതേസമയം, സ്ഥിതി വിലയിരുത്താനും ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമായി ഈ മാസം 10 ന് കോഴിക്കോട് വീണ്ടും സർവ്വകക്ഷിയോഗം ചേരും. രണ്ടാംഘട്ടത്തിൽ ആശങ്കപ്പെട്ട രീതിയിലുള്ള രോഗവ്യാപനം ഉണ്ടായിട്ടില്ലെന്ന ആശ്വാസത്തിലാണ് ആരോഗ്യവകുപ്പ്. .

നിപ്പ ബാധിച്ചവരുമായി ബന്ധമുള്ളവരുടെ സന്പർക്ക പട്ടികയിൽ 2507 പേരുണ്ട്.രോഗ ലക്ഷണങ്ങളോടെ നിരീക്ഷണത്തിലുള്ളവരുടെ വീടുകളിൽ സപ്ലൈക്കോയുടെ സൗജന്യ റേഷൻ കിറ്റ് വിതരണം ചെയ്തു. ഭീതി ഒഴിയുമ്പോഴും ജൂൺ 30 വരെ കനത്ത ജാഗ്രത തുടരാനാണ് ആരോഗ്യവകുപ്പ് നൽകുന്ന നിർദ്ദേശം. വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങളും ഊർജിതമാണ്. കേന്ദ്രത്തിൽ നിന്നുള്ള 3 സംഘം ജില്ലയിൽ ക്യമ്പ് ചെയ്യുന്നുണ്ട്.

ജില്ലയിൽ മറ്റ് പകർച്ചവ്യാധികൾക്കെതിരെയുള്ള മുൻകരുതലും ശക്തമാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്നങ്ങൾ സർവ്വകക്ഷിയോഗത്തിലൂടെ പരിഹരിക്കുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.