ചെങ്ങന്നൂരില്‍ ഇടത് തരംഗം; സജി ചെറിയാന്‍റെ ഭൂരിപക്ഷം 6000 കടന്നു

ചെങ്ങന്നൂര്‍: നാലാം റൗണ്ട് വോട്ടെണ്ണല്‍ പൂരോഗമിക്കുന്ന ചെങ്ങന്നൂരില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി സജി ചെറിയാന്റെ ഭൂരിപക്ഷം 6000 കടന്നു. ചെങ്ങന്നൂര്‍ നഗരസഭയിലെ വോട്ടെണ്ണല്‍ പുരോഗമിക്കവെ ഏറ്റവുമൊടുവില്‍ ലഭിക്കുന്ന വിവരമനുസരിച്ച്‌ 6154 വോട്ടുകളുടെ ലീഡ് ആണ് സജി ചെറിയാനുള്ളത്.

ആദ്യം വോട്ടെണ്ണിയ മാന്നാര്‍ പഞ്ചായത്തിലെ 13 ബൂത്തുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ ആയിരത്തിലധികം വോട്ടുകളുടെ ലീഡ് സ്വന്തമാക്കി.

രണ്ടാം റൗണ്ടില്‍ പാണ്ടനാട് പഞ്ചായത്തിലെ വോട്ടുകള്‍ കൂടിയായപ്പോള്‍ ഇടതുപക്ഷം ലീഡ് രണ്ടായിരത്തിനും അപ്പുറത്തേക്ക് എത്തിച്ചു. രണ്ടും യുഡിഎഫിന് സ്വാധീനമുള്ള പഞ്ചായത്തുകളായിരുന്നു.

മൂന്നാം റൗണ്ടില്‍ ബിജെപി സ്വാധീനമുള്ള തിരുവന്‍വണ്ടൂരിലും എല്‍ഡിഎഫ് തന്നെ മേധാവിത്വം നിലനിര്‍ത്തി. അതിന് ശേഷം യുഡിഎഫ് ഭരിക്കുന്ന ചെങ്ങന്നൂര്‍ നഗരസഭയിലെ വോട്ടുകളാണ് എണ്ണുന്നത്. ഇവിടെയും സജി ചെറിയാന്‍ തന്നെയാണ് മേല്‍ക്കൈ നിലനിര്‍ത്തുന്നത്. ഇനി വോട്ടെണ്ണാനിരിക്കുന്ന പഞ്ചായത്തുകളെല്ലാം ഇടതുമുന്നണിക്ക് സ്വാധീനമുള്ളവയാണ്.

അതേസമയം, ഇത് ഒരു വ്യക്തിയുടെ വ്യക്തിപരമായ വിജയമല്ല. പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതുപക്ഷ മുന്നണി സര്‍ക്കാരിന്റെ വിജയമാണെന്ന് സജി ചെറിയാന്‍ പറഞ്ഞു