സംസ്ഥാനത്ത് ഇന്ധന വില നേരിയ തോതില്‍ കുറഞ്ഞു.

സംസ്ഥാനത്ത് ഇന്ധന വില നേരിയ തോതില്‍ കുറഞ്ഞു. പെട്രോളിന് 7 പൈസയും ഡീസലിന് 6 പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 82 രൂപ 54 പൈസയും ഡീസലിന് 75 രൂപ 13 പൈസയാണ് നിരക്ക്. രാജ്യാന്തര വിപണില്‍ ക്രൂഡോയില്‍ വില കുറഞ്ഞതിനെ തുടര്‍ന്നാണ് ഇന്ധന വില കുറച്ചതെന്ന് എണ്ണക്കമ്പനികള്‍ അറിയിച്ചു.
തുടര്‍ച്ചയായ 16 ദിവസത്തെ വര്‍ദ്ധനയ്ക്ക് ശേഷം പെട്രോള്‍-ഡീസല്‍ വില ഇന്നലെ ഒരു പൈസ കുറച്ചിരുന്നു. കൊച്ചിയില്‍ പെട്രോളിന് 81 രൂപ 25 പൈസയും ഡീസലിന് 73 രൂപ 93 പൈസയുമാണ് നിരക്ക്. കോഴിക്കോട് പെട്രോളിന് 81 രൂപ 51 പൈസയും ഡീസലിന് 74 രൂപ 19 പൈസയുമാണ് വില. സംസ്ഥാന സര്‍ക്കാര്‍ എക്‌സൈസ് നികുതി കുറച്ചതിനാല്‍ നാളെ മുതല്‍ കേരളത്തില്‍ പെട്രോള്‍-ഡീസല്‍ വിലയില്‍ ഒരു രൂപയുടെ കുറവുണ്ടാകും.
ഇന്ധന നികുതിയില്‍ നിന്നുള്ള അധിക വരുമാനത്തിന്റെ ഒരു ഭാഗം ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തതോടെയാണിത്. പെട്രോള്‍-ഡീസല്‍ വില വര്‍ധനയെ തുടര്‍ന്നു സംസ്ഥാനത്തിനു ലഭിച്ചിരുന്ന അധിക നികുതി വരുമാനം ഉപേക്ഷിക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും നേരിയ കുറവു മാത്രം വരുത്തിയാല്‍ മതിയെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണു ഒരു രൂപയോളം കുറയ്ക്കുന്ന കാര്യം പരിഗണിക്കുന്നത്. അങ്ങനെയെങ്കില്‍ സംസ്ഥാനത്തിനു ലഭിക്കുന്ന അധിക നികുതിയില്‍ ജനങ്ങള്‍ക്കു കാര്യമായ കുറവുണ്ടാകില്ല.പെട്രോളിനും ഡീസലിനും ഏറ്റവുമധികം നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളില്‍ മൂന്നാം സ്ഥാനത്താണു കേരളം. മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത് പെട്രോളിന് 39.78 ശതമാനവും, ഡീസലിന് 24.84 ശതമാനസും. പഞ്ചാബില്‍ യഥാക്രമം 35.35 ശതമാനവും, 16.88 ശതമാനവുമാണ്. കേരളത്തില്‍ പെട്രോളിന് 32.02 ശതമാനവും (19.22 രൂപ), ഡീസലിന് 25.58 ശതമാനവും (15.35 രൂപ) എന്നിങ്ങനെയാണു സംസ്ഥാന നികുതിയിനത്തില്‍ ഈടാക്കുന്നത്.
ഇന്ധന വില വര്‍ധിച്ചതോടെ സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിലും അടുത്തിടെ വന്‍ വര്‍ധനയാണുണ്ടായത്. 600 കോടിയോളം രൂപയാണ് ഇന്ധന നികുതിയായി പ്രതിമാസം സംസ്ഥാന സര്‍ക്കാരിനു ലഭിക്കുന്നത്. ഇത്തരത്തില്‍ അധികം ലഭിക്കുന്ന തുക വേണ്ടെന്നു വച്ച് ഇന്ധനവില കുറയ്ക്കണമെന്ന ആവശ്യം ശക്തമായിരുന്നു. നേരത്തേ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് ശേഷം ഇന്ധന നികുതി കുറയ്ക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിരുന്നു.

© 2024 Live Kerala News. All Rights Reserved.