ഉത്തരേന്ത്യയില്‍ ശക്തമായ കാറ്റിലും മഴയിലും മരിച്ചവരുടെ എണ്ണം 46ആയി

ന്യൂഡല്‍ഹി ഉത്തരേന്ത്യയില്‍ രണ്ടുദിവസമായി തുടരുന്ന ശക്തമായ കാറ്റിലും മഴയിലും മരിച്ചവരുടെ എണ്ണം 46ആയി. അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍ കേരളം, കര്‍ണാടക തീരങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം ഡല്‍ഹിയില്‍ കടുത്തചൂട് തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കൊടുങ്കാറ്റില്‍ ബിഹാറില്‍ 19 പേരും ഉത്തര്‍പ്രദേശില്‍ 15 പേരും ജാര്‍ഖണ്ഡില്‍ 12 പേരും മരിച്ചു. ഉന്നാവോയില്‍ തിങ്കളാഴ്ച രാത്രിയാണ് ആറുപേരാണ് മിന്നലേറ്റ് മരിച്ചത്.

മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ നാലുലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഈ മാസം ആദ്യം ഉത്തരേന്ത്യയിലുണ്ടായ ശക്തമായ കാറ്റില്‍ 134 പേര്‍ കൊല്ലപ്പെടുകയും 400 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ജൂണ്‍ 12ന് കാലവര്‍ഷം സംസ്ഥാനത്ത് എത്തുന്നതുവരെ ശക്തമായ കാറ്റ് തുടരുമെന്നാണ് നിഗമനം.