ഇന്ധനവില തുടർച്ചയായ പതിനഞ്ചാം ദിവസവും റോക്കറ്റ് കണക്കെ മേൽപ്പോട്ട്; ഡീസൽ വില 75 കടന്നു

തുടർച്ചയായ പതിനഞ്ചാം ദിവസവും ഇന്ധനവില വർദ്ധിപ്പിച്ചു. ഡീസൽ വില സംസ്ഥാനത്ത് ഇതാദ്യമായി 75 കടന്നു. പെട്രോളിന് 15 പൈസയും ഡീസലിന് 12 പൈസയുമാണ് ഇന്ന് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 82.45 രൂപയും ഡീസലിന് 75.05 രൂപയുമാണ് ഇന്നത്തെ വില.

കർണാടക തെരഞ്ഞെടുപ്പിന് മുൻപ് ജനരോക്ഷം ഉണ്ടാകാതിരിക്കാൻ കേന്ദ്രസർക്കാർ വിലവർദ്ധനവ് നിർത്തിവച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ അടുത്തദിവസം മുതൽ തുടങ്ങിയ വിലവർദ്ധനയാണ് ദിനംപ്രതി തുടരുന്നത്. പെട്രോൾ വിലയും ഡീസൽ വിലയും സംസ്ഥാനത്തെ ചരിത്രത്തിലെ ഏറ്റവും ഉയർന്നവിലയിലാണ് ഇപ്പോൾ ഉള്ളത്.

ഇന്ധന വില ദിനംപ്രതി വർദ്ധിച്ചിട്ടും കേന്ദ്ര -സംസ്ഥാന സർക്കാരുകൾ നടപടികൾ ഒന്നും കൈക്കൊള്ളാതെ നോക്കുകുത്തികളായി നിൽക്കുകയാണ്. നികുതി ഇളവ് നൽകി വിലകുറക്കാൻ ഇരു സർക്കാരുകളും തയ്യാറാകാത്തത് മൂലം ദുരിതത്തിലായിരിക്കുന്നത് ജനങ്ങളാണ്. അതേസമയം, ഇന്ധന വിലവർദ്ധനവിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികളും രംഗത്തിറങ്ങാത്തത് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.