തുടർച്ചയായ ഒമ്പതാം ദിനവും കുതിച്ചുയർന്ന് ഇന്ധന വില; പെട്രോൾ 81 രൂപ

സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂടി. പെട്രോളിന് 31 പൈസയും ഡീസലിന് 27 പൈസയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 81 രൂപയും ഡീസലിന് 73.88 രൂപയുമാണ്‌. കോഴിക്കോട് പെട്രോള്‍ വില ലിറ്ററിന് 79. 70 രൂപയും ഡീസലിന് 72.70 രൂപയും ആണ്. കൊച്ചിയില്‍ പെട്രോളിന് 30 പൈസ വര്‍ധിച്ച് 79.59 രൂപയായി. ഡീസലിന് 72.48 രൂപയുമാണ്.

കഴിഞ്ഞ ദിവസം, പെട്രോളിന് 34 പൈസയും ഡീസലിന് 27 പൈസയും കൂടിയിരുന്നു. കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം തുടര്‍ച്ചയായി ഒന്‍പതാം തവണയാണ് ഇന്ധന വില കൂടുന്നത്.

തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മൂന്നാഴ്ച്ച വില വര്‍ധന മരവിപ്പിച്ചതിനാല്‍ അഞ്ച് രൂപയുടെ വരെ വര്‍ധന ഉടന്‍ തന്നെ ഉണ്ടാകുമെന്നാണ് സൂചന. ഒരാഴ്ച്ചയില്‍ രണ്ട് രൂപയോളമാണ് വില ഉയര്‍ന്നത്. ആഗോള വിപണിയിലെ വിലവര്‍ധനവും ഒപ്പം രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് എണ്ണവില വര്‍ധനയ്ക്ക് കാരണം.