നിപ്പ വൈറസ്: പൂനൈയിൽ നിന്ന് വൈറോളജി സംഘം ഇന്ന് കോഴിക്കോട് എത്തും

നിപ്പ വൈറസ് പടരുന്ന സാഹചര്യത്തില്‍ പൂനൈ വൈറോളജിയിലെ വിദഗ്‌ദ സംഘം ഇന്ന് കോഴിക്കോട് സന്ദര്‍ശിക്കും. നിപ്പ വൈറസിനെകുറിച്ച്‌ പഠിക്കുന്നതിനും ആവശ്യമായ നിര്‍ദേശങ്ങളും സഹായങ്ങളും നല്‍കുന്നതിനുമാണ് അഞ്ചംഗ വൈറോളജി സംഘം കോഴിക്കോടേക്ക് വരുന്നത്. ഇതോടൊപ്പം വെറ്റിനറി സര്‍വകലാശാലയിലെ സംഘവും ഇന്ന് കോഴിക്കോട് എത്തും. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറോടെ ഇന്ന് മുതല്‍ ജില്ലയില്‍ തുടരാന്‍ വനം മന്ത്രി രാജു നിര്‍ദേശം നല്‍കി.

സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികളും പ്രവര്‍ത്തനങ്ങളും മനസിലാക്കി ആവശ്യമായ നിര്‍ദേശങ്ങളും സഹായങ്ങളും നല്‍കാനാണ് സംഘം കോഴിക്കോട് എത്തുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് നിപ വൈറസ് പടരുന്നത്. അതിനാല്‍ സര്‍ക്കാരിന് ഈ മേഖലയില്‍ മുന്‍ പരിചയമില്ല. അതുകൊണ്ട് കേന്ദ്ര നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.

വവ്വാലിലും പന്നികളിലും നിപാ വൈറസിന്റെ സാന്നിധ്യം ഉണ്ടെന്ന സംശയത്തിലാണ് മൃഗസംരക്ഷണവകുപ്പ് കോഴിക്കോട് എത്തുന്നത്. വവ്വാലുകളാണ് ചങ്ങരോത്ത് ആദ്യമായി നിപാ വൈറസ് മനുഷ്യരില്‍ എത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം. കൂടാതെ പ്രദേശത്ത് ധാരാളം പന്നികളും ഉണ്ട്. ഇവയിൽ രോഗബാധ ഉണ്ടായാല്‍ വലിയ ദുരന്തമുണ്ടാകും എന്ന ഭയത്തിലാണ് ആരോഗ്യവകുപ്പ്.

© 2024 Live Kerala News. All Rights Reserved.