സംസ്ഥാനത്ത് ഇന്ധനവില സര്‍വ്വകാല റെക്കോര്‍ഡില്‍; പെട്രോള്‍ വില 80 കടന്നു

കേരളത്തില്‍ പെട്രോല്‍ ഡീസല്‍ വില എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തി. പെട്രോല്‍ വില 80 രൂപ കടന്നു. തിരുവനന്തപുരത്ത് പെട്രോള്‍ വില ലീറ്ററിന് 80.01 രൂപയും ഡീസലിന് 73.06 രൂപയുമായി. പെട്രോളിന് ലീറ്ററിനു 32 പൈസയും ഡീസലിനും ലീറ്ററിനു 24 പൈസയുമാണ് തിരുവനന്തപുരത്ത് ഇന്നു കൂടിയത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 78.64 രൂപയും ഡീസലിന് 71.68 രൂപയുമാണ് വില. കോഴിക്കോട് പെട്രോൾ ലീറ്ററിന് 78.40 രൂപയും ഡീസലിന് 71.60 രൂപയുമായി.

കര്‍ണാടകാ തിരഞ്ഞെടുപ്പിന് പിന്നാലെ ഇന്ധനവില കൂട്ടാന്‍ എണ്ണക്കമ്പനികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച വോട്ടെടുപ്പ് കഴിഞ്ഞതിന് തൊട്ടു പിന്നാലെ ഞായറാഴ്ച മുതല്‍ വില വര്‍ദ്ധന തുടങ്ങിയുന്നു. തുടര്‍ച്ചയായി ആറാം ദിവസമാണ് എണ്ണവില കൂടിയത്. വരുംദിനങ്ങളിലും വില കൂടിയേക്കും. നാലുരൂപ വരെ വര്‍ധനയ്ക്കു സാധ്യതയുണ്ടെന്നാണു സൂചനകള്‍. ക്രൂഡോയില്‍ വിലവര്‍ധന, ഡോളറുമായുള്ള വിനിമയമൂല്യത്തില്‍ രൂപയ്ക്കുണ്ടായ ഇടിവ് എന്നിവയാണു വിലക്കയറ്റത്തിനു മുഖ്യ കാരണങ്ങള്‍.