കുടിയേറ്റക്കാര്‍ മനുഷ്യരല്ല. മൃഗങ്ങളാണ്, അവരെ രാജ്യത്തില്‍നിന്ന് പുറത്താക്കണം’;വിവാദ പരാമര്‍ശവുമായി ട്രംപ്

വാഷിങ്ടണ്‍: അനധികൃത കുടിയേറ്റക്കാരെ അധിക്ഷേപിക്കുന്ന പരമാര്‍ശവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചില കുടിയേറ്റക്കാര്‍ മൃഗങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. കാലിഫോര്‍ണിയയില്‍നിന്നുള്ള റിപ്പബ്ലിക്കന്‍ പ്രതിനിധികളുമായി വൈറ്റ് ഹൗസില്‍ നടന്ന ചര്‍ച്ചയ്ക്കിടെ ആയിരുന്നു ട്രംപിന്റെ പരാമര്‍ശം.

‘ആളുകള്‍ രാജ്യത്തേക്ക്(അമേരിക്ക) വരികയും വരാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. അവരെ പുറത്താക്കാനാണ് നാം ശ്രമിക്കുന്നത്. നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ സാധിക്കില്ല ഇവര്‍ എത്രത്തോളം മോശപ്പെട്ടവരാണെന്ന്. അവര്‍ മനുഷ്യരല്ല. മൃഗങ്ങളാണ്. അവരെ രാജ്യത്തില്‍നിന്ന് പുറത്താക്കാനാണ് നാം ശ്രമിക്കുന്നത്’ ട്രംപ് പറഞ്ഞു.

തൊട്ടുപിന്നാലെ ട്രംപിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച് ഡെമോക്രാറ്റ് പ്രതിനിധികള്‍ രംഗത്തെത്തി. കാലിഫോര്‍ണിയയിലെ നിയമങ്ങളെക്കുറിച്ചും കുടിയേറ്റത്തെക്കുറിച്ചും ട്രംപ് നുണ പറയുകയാണെന്ന് കാലിഫോര്‍ണിയ ഗവര്‍ണര്‍ ജെറി ബ്രൗണ്‍ ആരോപിച്ചു.