വധശിക്ഷയ്ക്കുശേഷം യാക്കൂബ് മേമന്റെ മൃതദേഹം ജയിലില്‍ തന്നെ സംസ്‌കരിക്കുമെന്ന് റിപ്പോര്‍ട്ട്

 

പൂനെ: വധശിക്ഷയ്ക്കു ശേഷം മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ മൃതദേഹം നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ തന്നെ സംസ്‌കരിക്കുമെന്ന് റിപ്പോര്‍ട്ട്. വര്‍ഗീയ കലാപം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണു തീരുമാനം. സാധാരണ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതികളുടെ മൃതദേഹം കുടുംബത്തിനു വിട്ടുനല്‍കുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ ക്രമസമാധാന നിലയെ ബാധിക്കുമെന്നതിനാലാണു മൃതദേഹം വിട്ടുനല്‍കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയത്.

യാക്കൂബ് മേമന്റെ മൃതദേഹം കുടുംബത്തിനു വിട്ടുനല്‍കില്ല. എന്നാല്‍ യാക്കൂബിന്റെ ഭാര്യ റാഹിന്‍, മകള്‍ സുബൈദ എന്നിവരെ ജയിലില്‍ നടക്കുന്ന സംസ്‌കാരച്ചടങ്ങില്‍ പങ്കെടുപ്പിക്കാന്‍ അനുവദിക്കും ജയില്‍ അധികൃതര്‍ പറഞ്ഞു. ജയില്‍ വളപ്പിലെ കൃഷി സ്ഥലമായ ഗോള്‍ മൈതാനിലായിരിക്കും സംസ്‌കാരമെന്നും അധികൃതര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, മൃതദേഹം വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് യാക്കൂബ് മേമന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കും. വധശിക്ഷ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് യാക്കൂബ് മേമന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

© 2024 Live Kerala News. All Rights Reserved.