ചെങ്ങന്നൂരിൽ കേരളാ കോൺഗ്രസ് ആർക്കൊപ്പമെന്ന് ഇന്നറിയാം; സ്റ്റിയറിംഗ് കമ്മിറ്റി കോട്ടയത്ത്

ചെങ്ങന്നൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കേരളകോണ്‍ഗ്രസിന്റെ നിലപാട് തീരുമാനിക്കാൻ സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇന്ന് നടക്കും. ഉച്ചക്ക് ശേഷം കോട്ടയത്തെ സ്വകാര്യ ഹോട്ടലിൽ വെച്ചാണ് കമ്മിറ്റി കൂടുന്നത്. കേരളാ കോൺഗ്രസിന്റെ നിലപാട് അറിയാനുള്ള ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. യുഡിഎഫ്, എൽഡിഎഫ് മുന്നണികൾ കേരളാ കോൺഗ്രസ് വോട്ടിൽ പ്രതീക്ഷയർപ്പിക്കുന്നുണ്ട്. മുന്നണി പ്രവേശവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ക്ക് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ തീരുമാനം ഉണ്ടാവുമെന്നാണ് കെ.എം.മാണി ആഴ്ചകള്‍ക്ക് മുന്‍പ് വ്യക്തമാക്കിയത്.

യോഗത്തിൽ വ്യക്തമായ നിലപാട് പ്രഖ്യാപിക്കണമെന്ന ആവശ്യം ജോസഫ് വിഭാഗം മുന്നോട്ട് വെച്ചതായാണ് സൂചന. എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ നിര്‍ണ്ണായക പ്രഖ്യാപനം വേണ്ടതില്ലെന്നാണ് മാണിയുടെ നിലപാട്. മനസാക്ഷി വോട്ട് പ്രഖ്യാപിക്കുമെന്നാണ് വിവരം. ഉന്നതാധികാരസമിതിയില്‍ മാണി വിഭാഗത്തിന് വ്യക്തമായ ഭൂരിപക്ഷമുണ്ടെങ്കിലും ജോസഫ് വിഭാഗത്തെ പിണക്കി മുന്നോട്ട് പോകാന്‍ സാധ്യതയില്ല.

യോഗത്തിന് തലേദിവസം പിണറായി വിജയനെ പുകഴ്ത്തി ലേഖനമെഴുതിയെ കെ എം മാണി വ്യക്തമായ സന്ദേശം നല്‍കിക്കഴിഞ്ഞു. കേരള കോണ്‍ഗ്രസ് മുഖപത്രമായ പ്രതിച്ഛായയിലാണ് എല്‍ഡിഎഫ് സര്‍ക്കാരിനെയും പിണറായി വിജയനെയും പ്രശംസിച്ച് കെ.എം.മാണിയുടെ ലേഖനം വന്നത്. നോക്കുകൂലി നിരോധന വിഷയവുമായി ബന്ധപ്പെട്ടാണ് മാണി ലേഖനമെഴുതിയത്.