കര്‍ണാടകയിലെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്; കോണ്‍ഗ്രസ് എംഎല്‍എ പിടിയില്‍

നാളെ തിരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. ആര്‍ആര്‍ നഗര്‍ മണ്ഡലത്തില്‍ നിന്നും 10,000 വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും ഒരു ലക്ഷത്തോളം വരുന്ന കൗണ്ടര്‍ ഫയലുകളും പിടിച്ചെടുത്ത സംഭവത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ ഉള്‍പ്പെടെ 14 പേര്‍ അറസ്റ്റില്‍. ഈ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയും എംഎല്‍എയുമായ എന്‍. മുനിരത്‌നയാണ് പിടിയിലായിരിക്കുന്നത്.

ഇതു സംബന്ധിച്ച് ഡപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണര്‍ ചന്ദ്ര ഭൂഷണ്‍ കുമാര്‍ അന്വേഷണം നടത്തിയിരുന്നു. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് ചന്ദ്ര ഭൂഷണ്‍ കുമാര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

ജാലഹള്ളില്‍ മഞ്ജുള എന്നയാളുടെ പേരിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍നിന്നാണ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെത്തിയത്. ആര്‍ആര്‍ നഗര്‍ എംഎല്‍എ മുനിരത്‌നയുടെ അനുയായിയാണ് ഫ്‌ളാറ്റുടമ. സ്റ്റീലിന്റെ പെട്ടിയിലാണ് കാര്‍ഡുകള്‍ കൂട്ടമായി സൂക്ഷിച്ചിരുന്നത്.