നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിനിയെ അപമാനിച്ച പരീക്ഷാ നിരീക്ഷകനെതിരെ നിയമ നടപടി സ്വീകരിച്ചു

പാലക്കാട്: നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിനിയെ തുറിച്ചുനോക്കിയതിന് പരീക്ഷാ നിരീക്ഷകനെതിരെ നിയമ നടപടി സ്വീകരിച്ചു. അടിവസ്ത്രം നീക്കാനാവശ്യപ്പെടുകയും പെണ്‍കുട്ടി വസ്ത്രം നീക്കി എന്ന് ഉറപ്പുവരുത്തുകയും ചെയ്തിട്ടാണ് പരീക്ഷാ നിരീക്ഷകന്റെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള മോശം പെരുമാറ്റമുണ്ടായത്. ഇതിനേത്തുടര്‍ന്ന് പരീക്ഷാ പരിശോധകനെതിരെ വിദ്യാര്‍ത്ഥിനി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

പാലക്കാട് കൊപ്പത്തെ ലയണ്‍സ് സ്‌കൂളിലാണ് സംഭവം നടന്നത്. ഷാള്‍ ഊരി മാതാപിതാക്കളെ ഏല്‍പ്പിച്ചതിന് ശേഷമാണ് വിദ്യാര്‍ത്ഥിനി ഹാളിലേക്ക് വന്നത്. സുരക്ഷാ പരിശോധനയുടെ ഭാഗമായിട്ട് ഇവരോട് ‘ബ്രാ’ ഊരിമാറ്റാന്‍ പരീക്ഷയ്ക്ക് മേല്‍നോട്ടം വഹിക്കുന്ന പരീക്ഷാ നിരീക്ഷകന്‍ ആവശ്യപ്പെട്ടു.

സൗകര്യമോ സ്വകാര്യതയോ ഇല്ലാത്ത ഒരിടത്തുവച്ച് വിദ്യാര്‍ത്ഥിനിക്ക് അടിവസ്ത്രം ഊരിമാറ്റേണ്ടതായിവന്നു. ബ്രായുടെ ലോഹക്കൊളുത്ത് പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിക്കാനാകില്ല എന്നതായിരുന്നു അടിവസ്ത്രം ഊരാനാവശ്യപ്പെട്ടതിന്റെ സാങ്കേതിക കാരണം.

സെക്ഷന്‍ 509 ഉപയോഗിച്ചാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കുക എന്നത് വിഷയമായ ഈ വകുപ്പിന് പുറമെ സെക്ഷന്‍ 354 ഉള്‍പ്പെടുത്തി ലൈംഗിക പീഡനം കൂടി ഉള്‍പ്പെടുത്തണമെന്ന് വിദ്യാര്‍ത്ഥിനി ആവശ്യപ്പെട്ടിട്ടുണ്ട്. സിബിഎസ്ഇയോട് ബന്ധപ്പെട്ടതിന് ശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് പറയുന്നു.

© 2024 Live Kerala News. All Rights Reserved.