സി.പി.എം, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു;വന്‍ സംഘര്‍ഷം, ഇന്ന് ഹര്‍ത്താല്‍

സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവും മുന്‍ മുനിസിപ്പല്‍ കൗണ്‍സിലറുമായ പള്ളൂര്‍ നാലുതുറ ബാബുവാണ് ആദ്യം കൊല്ലപ്പെട്ടത്. തൊട്ടുപിന്നാലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷമേജ് പറമ്പത്തിനെയും ഒരു സംഘം വെട്ടിക്കൊല്ലുകയായിരുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.എമ്മും ബി.ജെ.പിയും കണ്ണൂര്‍ ജില്ലയിലും മാഹിയിലും ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. കണ്ണൂര്‍ സര്‍വകലാശാല പരീക്ഷകള്‍ എല്ലാം മാറ്റിവെച്ചിട്ടുണ്ട്.

രാത്രി പത്ത് മണിയോടെ പള്ളൂരിലെ വീട്ടിലേക്ക് പോകുംവഴിയാണ് ബാബുവിന് വെട്ടേറ്റത്. തലശ്ശേരി സഹകരണ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി തന്നെ മരണപ്പെട്ടു. തലയ്ക്കും കഴുത്തിനും വയറിനുമാണ് ബാബുവിന് വെട്ടേറ്റത്.

പ്രതികാരമായി ആക്രമണത്തിനിരയായ ഷമേജിന് വീട്ടിലേക്ക് പോകും വഴി കല്ലായി അങ്ങാടിയില്‍ വെച്ചാണ് വെട്ടേറ്റത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഇയാള്‍ മരണപ്പെട്ടത്.

ഇതിനിടെ മാഹിയില്‍ മറ്റൊരു സിപിഎം പ്രവര്‍ത്തകന് കൂടി വെട്ടേറ്റതായ റിപ്പോര്‍ട്ടും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.