കോഴിക്കോട് കെട്ടിട നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു; ഒരു മരണം

കോഴിക്കോട് നഗരമധ്യത്തില്‍ ചിന്താവളപ്പില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിനു സമീപം മണ്ണിടിഞ്ഞുവീണ് അപകടം. ഒരാള്‍ മരിച്ചു. ബീഹാര്‍ സ്വദേശി കിസ്മത്താണ് മരിച്ചത്. എട്ടുപേര്‍ മണ്ണിനടിയില്‍പെട്ടു. ഇവരെ രക്ഷപെടുത്തി ആശുപത്രിയിലേക്ക് മാറ്റി. കൂടുതല്‍ തൊഴിലാളികള്‍ മണ്ണിനടിയില്‍ കുടുങ്ങിയിട്ടുണ്ടെന്ന സൂചനയെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

20 അടിയോളം താഴ്ചയുള്ള കുഴിയിലാണ് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നത്. കെട്ടിട നിര്‍മാണം നടക്കുന്ന സ്ഥലത്ത് ലിഫ്റ്റ് സ്ഥാപിക്കാന്‍ കുഴിച്ച കുഴിയിലേക്കാണ് മണ്ണിടിഞ്ഞു വീണതെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ ദിവസംപെയ്ത മഴയില്‍ കുതിര്‍ന്ന മണ്ണാണ് തൊഴിലാളികള്‍ക്ക് മുകളിലേക്ക് ഇടിഞ്ഞുവീണത്.

കെട്ടിട ഉടമയ്ക്കും കരാറുകാരനുമെതിരെ കേസ് എടുത്തു. ദുരന്ത നിവാരണ നിയമ പ്രകാരമാണ് കേസ്. കെട്ടിട നിര്‍മ്മാണത്തില്‍ ലംഘനമുണ്ടെന്ന് കളക്ടര്‍ പറഞ്ഞു.