ലിഗയുടെ കൊലപാതകം; പ്രതികളുടെ പങ്ക് തെളിഞ്ഞു, അറസ്റ്റ് ഉണ്ടായേക്കും

തിരുവനന്തപുരം: വിദേശ വനിത ലിഗയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റ് ഇന്നുണ്ടാകും. പൊലീസ് കസ്റ്റഡിയിലുള്ള കോവളം വാഴമുട്ടം സ്വദേശികളായ ഉമേഷ്, ഉദയന്‍ എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തുക. പീഡനശ്രമത്തിനിടെയാണ് കൊലപാതകമെന്ന് പ്രതികള്‍ സമ്മതിച്ചതായാണു സൂചന. പ്രദേശവാസികളായ ഇരുവരും ബന്ധുക്കളാണ്. അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തവരില്‍ രണ്ടുപേരെ തിങ്കളാഴ്ച വിട്ടയച്ചിരുന്നു.

കസ്റ്റഡിയിലുള്ള ഇവര്‍ രണ്ടു ദിവസം മുന്‍പു തന്നെ കുറ്റം സമ്മതിച്ചതായി അന്വേഷണസംഘം വെളിപ്പെടുത്തിയിരുന്നു.ഇവര്‍ക്കെതിരായ തെളിവുകള്‍ കൂട്ടിയിണക്കാന്‍ വൈകിയതാണ് അറസ്റ്റ് നീട്ടിക്കൊണ്ടുപോയത്. കൊലപാതകത്തില്‍ ഇവരുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ അന്വേഷണസംഘത്തിനു ലഭിച്ചതായാണ് വിവരം.