സുപ്രീംകോടതി കൊളീജിയം ഇന്ന്; ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീംകോടതി ജഡ്‌ജിയായി നിയമിക്കണമെന്ന ആവശ്യത്തിൽ ഉറച്ച് നിന്നേക്കും

സുപ്രീംകോടതി കൊളീജിയം ഇന്ന് യോഗം ചേരും. ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെഎം ജോസഫിനെ സുപ്രിം കോടതി ജഡ്ജിയായി ഉയർത്താനുള്ള ശുപാർശ പുനഃപരിശോധിക്കണം എന്ന കേന്ദ്ര സർക്കാർ ആവശ്യം ചർച്ച ചെയ്യാനാണ് കൊളീജിയം ചേരുന്നത്. ജസ്റ്റിസ് കെഎം ജോസഫിനെ സുപ്രിം കോടതി ജഡ്ജിയായി നിയമിക്കണമെന്ന് കേന്ദ്രസർക്കാരിനോട് വീണ്ടും കൊളീജിയം ആവശ്യപ്പെട്ടേക്കും.

കെ.എം.ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കണമെന്നു കേന്ദ്രസർക്കാരിനോടു വീണ്ടും ആവശ്യപ്പെട്ടേക്കുമെന്ന് കൊളീജിയത്തിലെ മുതിർന്ന അംഗമായ ജസ്റ്റിസ് കുര്യൻ ജോസഫ് കഴിഞ്ഞദിവസം സൂചിപ്പിച്ചിരുന്നു. സീനിയോറിറ്റി മറികടന്നും മേഖല പ്രാതിനിധ്യം സംബന്ധിച്ച കീഴ്വഴക്കങ്ങള്‍ പരിഗണിക്കാതെയുമാണ് ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്‌ കെഎം ജോസഫിനെ സുപ്രിം കോടതി ജഡ്ജിയായി ഉയർത്താനുള്ള ശുപാർശ എന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. അതേസമയം, കൊളീജിയം രണ്ടാമതും ആവശ്യപ്പെട്ടാൽ കേന്ദ്രസർക്കാരിനു നിരാകരിക്കാനാവില്ല.

വസ്തുതകളും കീഴ് വഴക്കങ്ങളും വ്യക്തമാക്കി കേന്ദ്രത്തിന് നൽകേണ്ട മറുപടിക്കത്ത് തയ്യാറാക്കുന്ന കാര്യവും കൊളീജിയം ചർച്ചചെയ്യും. അതേസമയം കൊളീജിയം യോഗത്തിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സ്വീകരിക്കുന്ന നിലപാട് നിർണ്ണായകമാണ്.