ജമ്മുകാശ്‌മീർ മന്ത്രിസഭാ പുനഃസംഘടന ഇന്ന്; മുഖം രക്ഷിക്കാൻ ബിജെപി

ജമ്മുകശ്മീരില്‍ ഇന്ന് മന്ത്രിസഭ പുനഃസംഘടന നടക്കും. ഉച്ചയോടെയാണ് പിഡിപി-ബിജെപി സഖ്യ സര്‍ക്കാര്‍ പുനഃസംഘടിപ്പിക്കുന്നത്. പുതിയ ഉപമുഖ്യമന്ത്രിയായി ബിജെപി നേതാവ് കവീന്ദര്‍ ഗുപ്ത അധികാരമേല്‍ക്കും. ബിജെപിയുടെ പുതിയ മന്ത്രിമാരായി രാജീവ് ജസ്രോതിയ, ശക്തി പരിഹാര്‍, സാത് ശര്‍മ്മ, കവീന്ദര്‍ ഗുപ്ത, മുഹമ്മദ് ഖാലില്‍ ബാന്ദ്, മോദ് അഷ്‌റഫ് മിര്‍ എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

മെഹ്ബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള ജമ്മുകശ്മീര്‍ സര്‍ക്കാരിലേക്ക് ചില പുതുമുഖങ്ങൾ കൊണ്ടുവരാനാണ് ബിജെപിയുടെ നീക്കം. കത്വ പീഡനക്കേസിൽ മുഖം നഷ്ടപ്പെട്ട ബിജെപി പുതുമുഖങ്ങളെ കൊണ്ടുവന്ന് തങ്ങളുടെ മുഖം സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സർക്കാരിൽ നിലവിലുള്ള മന്ത്രിമാരെ മുഴുവൻ രാജിവെപ്പിച്ച് പുതുമുഖങ്ങളെ കൊണ്ട് വരുന്നത്.

മന്ത്രിസഭയിലെ 9 മന്ത്രിമാരോടും രാജിവെക്കാന്‍ ബിജെപി ഏപ്രില്‍ 17ന് ആവശ്യപ്പെട്ടിരുന്നു. പുനഃസംഘടനയ്ക്ക് ഒരു ദിവസം മുമ്പ് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ നിര്‍മല്‍ സിങ് രാജിവെച്ചു. നിര്‍മല്‍ സിങ്ങിനെ സ്പീക്കറാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

© 2024 Live Kerala News. All Rights Reserved.