ഇന്ത്യ-ചൈന അതിർ‌ത്തിയില്‍ സുരക്ഷ ശക്തമാക്കി ഇന്ത്യ; ഇന്തോ ടിബറ്റ് ബോർഡർ പൊലീസിന്റെ 96 ഔട്ട്പോസ്റ്റുകൾ

ഇന്ത്യയും ചൈനയും തമ്മിലുള്ള സൗഹൃദ സംഭാഷണം മുന്നോട്ടുപോകുമ്പോഴും അതിർ‌ത്തിയില്‍ സുരക്ഷ ശക്തമാക്കി ഇന്ത്യ. അതിർത്തിയിൽ 96 ഇന്തോ ടിബറ്റ് ബോർഡർ പൊലീസിന്റെ (ഐടിബിപി) 96 ഔട്ട്പോസ്റ്റുകൾ (ബിഒപി) കൂടി നിർമിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. 3,488 കിലോമീറ്റർ നീളമുള്ള ഇന്ത്യ–ചൈന അതിർത്തിയിലാണു പുതിയ ബോർഡർ ഔട്ട്പോസ്റ്റുകൾ സ്ഥാപിക്കുക.

ഗംഗ, യാങ്ത്‌സി നദികൾ ഒഴുകുന്നതുപോലെ രണ്ടുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം മുന്നോട്ടുപോകട്ടെ എന്നു ചൈന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ചൈനയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തി. ഇരുനേതാക്കളുടെയും രണ്ടു ദിവസത്തെ അനൗപചാരികമായ കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി ഉദ്യോഗസ്ഥതല ചർച്ച നടന്നു. മാവോ സെദുങ്ങിന്റെ പ്രിയപ്പെട്ട അവധിക്കാല കേന്ദ്രമായിരുന്ന വുഹാനിലാണു മോദി–ഷി കൂടിക്കാഴ്ച.

കൂടുതൽ യോജിച്ചു പ്രവർത്തിക്കാനുള്ള താൽപര്യം തുറന്നുപറഞ്ഞ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും തമ്മിലുള്ള അനൗപചാരിക ഉച്ചകോടിക്കു തുടക്കമായതിനു സമാന്തരമായാണ് അതിർത്തി ശക്തമാക്കുന്നതെന്നതു ശ്രദ്ധേയം.