ഇറാന്‍ ആണവ കരാര്‍ ; യുഎസുമായി സഹകരിക്കുമെന്ന് ആംഗല മെര്‍ക്കല്‍

വാഷിംഗ്ടണ്‍: ഇറാന്‍ ആണവ കരാര്‍ ഇല്ലാതാക്കാനുള്ള നീക്കത്തില്‍ യുഎസുമായി സഹകരിക്കുമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍. യുഎസില്‍ സന്ദര്‍ശനത്തിനെത്തിയ മെര്‍ക്കല്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നടത്തിയ സംയുക്ത പ്രസ്താവനയിലാണ് നിലപാട് വ്യക്തമാക്കിയത്.

ആണവ പദ്ധതികള്‍ എല്ലാം മരവിപ്പിക്കാമെന്നു വ്യക്തമാക്കി ഇറാനും യുഎസ് ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങളും തമ്മില്‍ 2015-ല്‍ കരാര്‍ ഒപ്പിട്ടിരുന്നു. ആണവായുധങ്ങള്‍ വികസിപ്പിക്കുന്നതില്‍ നിന്ന് ടെഹ്‌റാനെ തടയുന്നതിന്റെ ആദ്യപടിയാണിതെന്നും മെര്‍ക്കല്‍ പറഞ്ഞു. ഇറാനെ ആണവായുധം കൈവശം വയ്ക്കാന്‍ അനുവദിക്കില്ലെന്നും ട്രംപും പറഞ്ഞു.

നാലാം തവണയും ജര്‍മന്‍ ചാന്‍സലറായി അധികാരമേറ്റശേഷം മെര്‍ക്കല്‍ ആദ്യമായിട്ടാണ് യുഎസ് സന്ദര്‍ശിച്ചത്. യൂറോപ്യന്‍ സ്റ്റീല്‍, അലുമിനിയം ഇറക്കുമതിക്ക് അധിക തീരുവ തീരുമാനത്തില്‍ നിന്ന് ട്രംപ് പിന്മാറുമെന്ന് പ്രതീക്ഷിക്കുന്നതായി മെര്‍ക്കല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം യുഎസിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് ട്രംപ് വന്‍ വരവേല്‍പ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ വരവേല്‍പ്പൊന്നും മെര്‍ക്കലിനു ലഭിച്ചില്ല.