പിണറായി കൂട്ടകൊലപാതകം; സൗമ്യയുടെ പേരില്‍ കൊലപാതക കുറ്റും ചുമത്തും

പിണറായിയിലെ കൂട്ടകൊലപാതക സംഭവത്തില്‍ പ്രതിയായ സൗമ്യയുടെ(28) പേരില്‍ മൂന്നു മരണത്തിലും കൊലക്കുറ്റം ചുമത്തും. ഇതിനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണ് അന്വേഷണസംഘം. നിലവില്‍ രണ്ടു കേസുകളിലാണ് യുവതിയെ പ്രതിചേര്‍ത്തത്. സൗമ്യയുടെ കസ്റ്റഡി കാലാവധി ശനിയാഴ്ച അവസാനിക്കും. വൈകുന്നേരം കോടതിയില്‍ ഹാജരാക്കും.

ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയാല്‍ മൂന്നാമത്തെ കേസിലും പ്രതിചേര്‍ക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ തലശ്ശേരി സി.ഐ. കെ.ഇ.പ്രേമചന്ദ്രന്‍ പറഞ്ഞത്. യുവതിയുടെ മുന്‍ ഭര്‍ത്താവ് കിഷോറിനെ കൊടുങ്ങല്ലൂരില്‍നിന്ന് പൊലീസ് കസ്റ്റഡിയിലെടുിരുന്നു. ഇയാളെ ചോദ്യംചെയ്തുവരികയാണ്.

യുവതിയുടെ അമ്മ കമല, അച്ഛന്‍ കുഞ്ഞിക്കണ്ണന്‍ എന്നിവരുടെ മരണത്തിലാണ് നിലവില്‍ പ്രതിചേര്‍ത്തത്. മകള്‍ ഐശ്വര്യയുടെ മരണത്തില്‍ പ്രതിയാക്കിയിട്ടില്ല. ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയാല്‍ കോടതിയുടെ അനുമതിയോടെ മകളുടെ മരണത്തിലും പ്രതിയാക്കും. ഇതോടെ പലസമയത്തായി നടന്ന മൂന്നു കൊലക്കേസുകളില്‍ യുവതി പ്രതിയാകും. മകളെ കൊലപ്പെടുത്തിയ കേസിലും ഇവരെ കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസ് നീക്കം. കസ്റ്റഡിയില്‍ ലഭിച്ചാല്‍ കേസിലാവശ്യമായ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ കഴിയുമെന്ന് അന്വേഷണസംഘം കരുതുന്നത്.