സുപ്രീം കോടതി ജഡ്‌ജിയായി ഇന്ദു മൽഹോത്ര ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

സുപ്രീംകോടതി ജഡ്‌ജിയായി ഇന്ദുമൽഹോത്ര ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10 .30 ന് ഒന്നാം നമ്പർ കോടതിയിലാണ് സത്യപ്രതിജ്ഞ ചടങ്ങ്. ചീഫ് ജസ്റ്റിസ‌് ദീപക് മിശ്ര സത്യവാചകം ചൊല്ലിക്കൊടുക്കും.
കെ.എം.ജോസഫിനെ തഴഞ്ഞ കേന്ദ്രസർക്കാർ നടപടിയിൽ ന്യായാധിപരിൽ അമർഷം പുകയുന്നതിനിടെയാണ് ഇന്ന് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. ഇന്ദുമൽഹോത്രക്കൊപ്പം കൊളീജിയം ശുപാർശ ചെയ്ത ജസ്റ്റിസ‌് കെ എം ജോസഫിന്റെ പേര് കേന്ദ്ര സർക്കാർ തിരിച്ചയച്ചിരുന്നു. സീനിയോറിറ്റി പ്രശ്നം ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്രത്തിന്റെ നടപടി.

ഇക്കാര്യം ചർച്ച ചെയ്യാൻ ഫുൾകോർട്ട് വിളിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. കെ എം ജോസഫിന്റെ പേര് വീണ്ടും ശുപാർശ ചെയ്യണമെന്ന് കൊളീജിയം യോഗത്തിൽ ആവശ്യം ഉയരാനും സാധ്യതയുണ്ട്.

കഴിഞ്ഞ ദിവസമാണ് ഇന്ദുമൽഹോത്രയെ ജഡ്ജിയായി നിയമിച്ചു കൊണ്ടുള്ള ഉത്തരവ് രാഷ്ട്രപതി ഭവനിൽ നിന്നുണ്ടായത്. നേരിട്ട് സുപ്രീംകോടതി ജഡ്ജിയായി നിയമിക്കപ്പെടുന്ന ആദ്യ വനിത അഭിഭാഷകയാണ് ഇന്ദുമൽഹോത്ര.