പാതിരാത്രിയിലും തുടർന്ന പ്രതിഷേധം; ഉന്നാവോ ബലാത്സംഗ കേസിൽ ബിജെപി എംഎല്‍എയെ അറസ്റ്റ് ചെയ്‌തു

ഉന്നാവോ ബലാത്സംഗക്കേസിൽ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെങ്കാറിനെ സിബിഐ കസ്റ്റഡിയിലെടുത്തു. കോൺഗ്രസിന്‍റെ അർദ്ധരാത്രി പ്രതിഷേധത്തിന് പിന്നാലെയാണ് നടപടി.

കത്ത്വ, ഉന്നാവോ സംഭവങ്ങൾ ഉയര്‍ത്തി രാഹുൽഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തിൽ ഇന്നലെ ഇന്ത്യാഗേറ്റിലേക്ക് അര്‍ദ്ധരാത്രിയിൽ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. മെഴുകുതിരി കത്തിച്ചും പ്ളക്കാര്‍ഡുകൾ ഉയര്‍ത്തിയും മാര്‍ച്ചിന്‍റെ ഭാഗമാകാൻ അര്‍ദ്ധ്രരാത്രിയിലും നിരവധി പേരാണ് എത്തിയത്. മാര്‍ച്ച് ഇന്ത്യാഗേറ്റിലേക്ക് എത്തുന്നത് തടയാൻ പൊലീസ് ബാരിക്കേഡ് തീര്‍ത്തെങ്കിലും അത് മറികടന്ന് അമര്‍ ജവാൻ ജ്യോതിവരെ എത്തിയ പ്രവര്‍ത്തകര്‍ നരേന്ദ്ര മോദിക്കെതിരെയും ബി.ജെ.പിക്കെതിരെയും മുദ്രാവാക്യങ്ങൾ മുഴക്കി.

പുലര്‍ച്ചെ ഒന്നര മണിവരെ പ്രിയങ്കഗാന്ധിയും രാഹുൽ ഗാന്ധിയും ഇന്ത്യാഗേറ്റിൽ കുത്തിരുന്നു. ദില്ലി പെണ്‍കുട്ടി കൂട്ടബലാൽസംഗത്തിന് ഇരയായ സംഭവത്തിന് ശേഷം ഉണ്ടായ അര്‍ദ്ധരാത്രി പ്രതിഷേധങ്ങൾക്ക് സമാനമായ രീതിയിലായിരുന്നു കോണ്‍ഗ്രസിന്‍റെയും പ്രതിഷേധം.

വ്യാഴാഴ്ച രാവിലെയാണ് ഉന്നാവയിലെ മാഖി പൊലീസ് സ്റ്റേഷനില്‍ എംഎല്‍എയ്‌ക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തത്. ബുധനാഴ്ച രാത്രി എംഎല്‍എ പൊലീസിന് മുന്‍പാകെ ഹാജരായെങ്കിലും കീഴടങ്ങാന്‍ തയ്യാറായില്ല. ഇതിന് മണിക്കൂറുകള്‍ക്ക് ശേഷം അര്‍ദ്ധരാത്രിയോടെയാണ് കേസ് സിബിഐയ്ക്ക് വിടാന്‍ യോഗി സര്‍ക്കാര്‍ തീരുമാനിച്ചത്. സംഭവത്തെ കുറിച്ച് അന്വേഷിച്ച പ്രത്യേക അന്വേഷണസംഘം സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറിയതിന് പിന്നാലെയായിരുന്നു ഈ തീരുമാനം. അതേസമയം, എംഎല്‍എയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായിരുന്നില്ല.